കോഴിക്കോട്: അടുത്ത കാലത്തായി യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായി കാണുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ലോക പുകയില വിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ലഹരിയുടെ ഉപയോഗം കുറഞ്ഞു വരുന്നുണ്ടായിരുന്നു. എന്നാൽ ഈ അടുത്ത കാലത്തായി യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ച് വരുന്നതായിട്ടാണ് കാണുന്നത്. അത് വളരെയേറെ ഗൗരവമേറിയതാണ്. ലഹരിയെന്ന വിപത്തിനെ സമൂഹത്തിൽ നിന്നും പറിച്ചെറിയാൻ ഒന്നായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക പുകയില വിമുക്തദിനത്തിന്റെ ഭാഗമായി 'പുകയിലയും ശ്വാസകോശ ആരോഗ്യവും' എന്ന വിഷയത്തിലാണ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ് പുകയില. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ കണക്കനുസരിച്ച് 70 ലക്ഷം പേരാണ് പുകയില കാരണം മരിച്ചത്. അതിൽ 9 ലക്ഷം പേർ പുകവലിക്കാത്തതാണ് എന്നതാണ് ഞെട്ടിക്കുന്നത്. പുകവലി ഹൃദ്രോഹത്തിനും പക്ഷാഘാതത്തിനും കഷയരോഗത്തിനും മറ്റ് ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു.

കെ.പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ സാംമ്പശിവ റാവു മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ എ നവീൻ സമ്മാനദാനം നിർവ്വഹിച്ചു. ഡോ. എസ്.എൻ രവികുമാർ, എം.പി മണി, വി.ആർ അനിൽകുമാർ, കെ.വി പ്രഭാകരൻ, ഡോ. ആശാദേവി ശ്രീകുമാർ മുകുന്ദൻ എന്നിവർ പങ്കെടുത്തു.