ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് കമ്പനിയുടെ സൗകര്യം നോക്കി
കുറ്റ്യാടി,കൊയിലാണ്ടി: ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുന്ന പ്രവർത്തനം നടപടി ക്രമങ്ങളിലെ അപാകത കാരണം ജനങ്ങൾക്ക് ദുരിതമായി മാറുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് വടകര,കൊയിലാണ്ടി താലൂക്കുകളിലെ മിക്ക പഞ്ചായത്തുകളിലും ഇൻഷൂറൻസ് കാർഡ് പുതുക്കൽ നടപടികൾക്ക് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം പഞ്ചായത്തിലെ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ വച്ചാണ് ഇൻഷൂറൻസ് പുതുക്കൽ പ്രവർത്തനം നടക്കുന്നത് . മുൻവർഷങ്ങളിൽ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു വ്യക്തി കാർഡ് പുതുക്കൽ പ്രക്രിയയ്ക്ക് ഹാജരായാൽ മതിയെങ്കിൽ ഇത്തവണ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരും നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. മിക്ക പഞ്ചായത്തുകളിലും കാർഡ് പുതുക്കൽ പ്രക്രിയ ദുരിതമയമായി തീരുന്നതിന് വിവിധ കാരണങ്ങളാണുള്ളത്.ഇൻറർനെറ്റിന് റേഞ്ച് ഇല്ലാത്തതും ഗതാഗത സൗകര്യത്തിന്റെ അഭാവവും ജനങ്ങൾക്ക് ദുരിതക്കയമാണ് തീർക്കുന്നത് . റംസാൻ മാസത്തിന്റെ പ്രയാസങ്ങളും, കടുത്ത വേനൽച്ചൂടും ആളുകളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. കിടപ്പിലായ രോഗികളെയും അവശത അനുഭവിക്കുന്നവരെയും ഭിന്നശേഷിക്കാരെയും കാർഡ് പുതുക്കൽ കേന്ദ്രത്തിൽ എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനും സ്‌പെഷ്യൽ വാഹനത്തിനായി 500 മുതൽ 1000 രൂപ വരെയാണ് ഓരൊ കുടുംബത്തിനും ചെലവഴിക്കേണ്ടി വരുന്നത് . വാഹനങ്ങൾ വിളിക്കാൻ കഴിവില്ലാത്ത കുടുംബങ്ങൾ മറ്റു മാർഗങ്ങൾ ഇല്ലാത്തതു കൊണ്ട് കാർഡ് പുതുക്കൽ ഉപേക്ഷിച്ചിരിക്കുകയുമാണ്. ഓരൊ പഞ്ചായത്തിലും ഓരൊ ദിവസവും രണ്ടും മൂന്നും വാർഡുകളിലെ കാർഡുകളാണ് പുതുക്കി നൽകുന്നത്. നൂറ് കണക്കിന് കുടുംബങ്ങളിലെ ആയിരകണക്കിന് ആളുകൾ ഒന്നിച്ച് ഒരു കേന്ദ്രത്തിൽ എത്തിച്ചേരുമ്പോഴുള്ള പ്രശ്‌നങ്ങൾ നിരവധിയാണ്. ഇരിക്കാനുള്ള ഇരിപ്പിടങ്ങളൊ, ഭക്ഷണ, കുടിവെള്ള ലഭ്യതയൊ, ശൗച്യാലയ സംവിധാനങ്ങളൊ ഒന്നും തന്നെ ആവശ്യത്തിന് ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പുലർച്ചെ പുതുക്കൽ കേന്ദ്രങ്ങളിലെത്തുന്നവർ പേര് എഴുതി വച്ച് പോകുകയാണ് ചെയ്യുന്നത്. ഒരാൾ തന്നെ തങ്ങളുടെ അയൽവാസികളുടെയും കുടുംബക്കാരുടെയും അടക്കം നിരവധിപേരുടെ പേര് എഴുതിവക്കുന്നതിനാൽ മറ്റുള്ളവർ ബുദ്ധിമുട്ടുകയാണ്. മുൻ കാലങ്ങളിൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ വച്ചാണ് കാർഡ് പുതുക്കിയിരുന്നത്. ഇത്രയൊന്നും പ്രയാസങ്ങൾ ഉപഭോക്താക്കൾ അന്ന് അനുഭവിക്കേണ്ടി വന്നിരുന്നില്ല. വാഹനങ്ങൾ പുതുക്കൽ കേന്ദ്രത്തിൽ എത്താൻ കഴിയാത്തതും പുതുക്കൽ കേന്ദ്രങ്ങളിലെ മുഗൾ നിലയിലേയ്ക്ക് കിടപ്പ് രോഗികളെ എടുത്തു കൊണ്ട് പോകാൻ കഴിയാത്തതും ദിനംപ്രതി ദുരിതങ്ങൾ ഇരട്ടിച്ചു വരികയാണ്. മിക്ക പുതുക്കൽ കേന്ദ്രങ്ങളിലും വൈദ്യുതിയുടെ ഒളിച്ചുകളിയും, നെറ്റ് സൗകര്യങ്ങളുടെ കുറവും ഉപഭോക്താക്കൾക്ക് സൃഷ്ടിക്കുന്ന ദുരിതം കുറച്ചൊന്നു മാത്രമല്ല
പടം
ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുന്നതിനായി പൂളക്കൂൽ കമ്യൂണിറ്റി ഹാളിൽ ഊഴവും കാത്ത് നിൽക്കുന്നവർ