കോഴിക്കോട്: കേരള വനം വന്യജീവി വകുപ്പ് സമഗ്രവൃക്ഷവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇക്കുറി പരിസ്ഥിതിദിനം ആചരിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 ന് രാവിലെ 10 മണിക്ക് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും.

ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി ചടങ്ങിൽ മുഖ്യാതിഥിയാവും. വിദ്യാർത്ഥികൾക്കായുള്ള തൈവിതരണത്തിന്റെ ഉദ്ഘാടനം വി.കെ.സി മമ്മദ് കോയ എം.എൽ.എയും പൊതുജനങ്ങൾക്കായുള്ള തൈവിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും നിർവഹിക്കും. ജില്ലാ കളക്ടർ സീറാം സാംബശിവ റാവു, പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രൻ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ ഡോക്ടർ സി. മീനാക്ഷി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.