കോഴിക്കോട്: ജില്ലയിൽ പുകയില വിരുദ്ധ ദിനാചരണങ്ങൾ വെറും ചടങ്ങായി മാറരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ഓരോരുത്തരും പുകയിലവിരുദ്ധ സന്ദേശം ഉൾക്കൊണ്ട് പുകയില വിരുദ്ധ പ്രചാരകർ ആകണം. പ്രായഭേദമന്യേ മുഴുവൻ ജനങ്ങളും പുകയിലക്കെതിരെ പടപൊരുതണമെന്നും അദ്ദേഹം പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പ്, എക്‌സൈസ്, പൊലീസ് വകുപ്പുകൾ, പ്രതീക്ഷ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുകയിലയും ശ്വാസകോശ ആരോഗ്യവും' എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ വിഷയം.

കെ.പികേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ സാംബശിവറാവു മുഖ്യാതിഥിയായി . പുകയിലക്കെതിരെ വിദ്യാർത്ഥികളിൽ നിന്നും മികച്ച മാതൃകകൾ ഉണ്ടാവണം, ഇതിനായി വിദ്യാർത്ഥി പങ്കാളിത്തത്തോടെ ക്വിറ്റ് ടു കെയർ എന്ന പേരിൽ ജില്ലയിൽ കാമ്പയിൻ നടത്തും. 90 ശതമാനം ആളുകളെയും പുകവലിയിൽനിന്ന് വിമുക്തരാക്കാൻ ഇതിലൂടെ സാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്വിറ്റ് ടു കെയർ ക്യാമ്പയിനിൽ പുകയില ഒഴിവാക്കുന്നതിലൂടെ പ്രിയപ്പെട്ടവർക്ക് കരുതൽ നൽകുക എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണൽ ഡി.എം.ഒ ഡോ ആശാദേവി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ ഷാനു (ഒന്നാം സ്ഥാനം ), അമൽ വി (രണ്ടാം സ്ഥാനം ) ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളായ ഗോകുൽ എസ് പ്രസാദ്, ബിനോയ് വിക്രം എന്നിവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ചേർന്നു നിർവഹിച്ചു .

പുകയിലക്കെതിരെ പ്രതീക്ഷ കാൻസർ സെന്റർ തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.വി. പ്രഭാകരൻ നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ യൂ ആർ മൈ മിറർ, അനു തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ.നവീൻ, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ വി.ആർ അനിൽകുമാർ, നാർക്കോട്ടിക്ക് അസി കമ്മീഷണർ കെ.വി പ്രഭാകരൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ ശ്രികുമാർ മുകുന്ദൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ മോഹൻദാസ്, ഡോ ലതിക, എം.പി മണി, കെ.ടി മോഹനൻ എന്നിവർ സംസാരിച്ചു .