വടകര : ദേശീയ പാതയില്‍ ഫാമിലി വെഡിംഗ് സെന്ററിന്റെ മുമ്പിലെ ഓട്ടോ ട്രാക്കുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തില്‍ പൊലിസ് പ്രതികാര ബുദ്ധിയോടെ ഇടപെടുന്നതായി സംയുക്ത ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ട്രാഫിക് എസ്.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചതാണ്. പക്ഷെ ഓട്ടോ തൊഴിലാളികളെ പീഡിപ്പിക്കുന്ന തരത്തിലാണ് ട്രാഫിക് എസ്.ഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഓട്ടോ തൊഴിലാളികളെ ജോലിക്കിടയില്‍ പിടിച്ചു കൊണ്ടു പോയി അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുമായാണ് പൊലീസ് മുന്നോട്ടു പോകുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്നില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മാതോംകണ്ടി അശോകന്‍ അദ്ധ്യക്ഷനായി. എം.പി സുരേഷ് ബാബു, കെ.വി രാഘവന്‍, എം.കെ പ്രസന്നകുമാര്‍, എം പ്രദീപന്‍ (സി.ഐ.ടി.യു), സദാനന്ദന്‍ പി(ഐ.എന്‍.ടി.യു.സി), ഗണേഷ് കുരിയാടി, സഗേഷ് (ബി.എം.എസ്), മജീദ് വി.പി, അനസ് കെ, റഹിം എ.വി (എസ്.ടി.യു), ഇ രാജീവന്‍ (എച്ച്.എം.എസ്), രഞ്ജിത് കാരാട്ട്, ഒ.എം സുധീര്‍കുമാര്‍(എ.ഐ.ടി.യു.സി) സംസാരിച്ചു.