മുക്കം: കോഴിക്കോട് ജില്ലയെ സമ്പൂർണ ഹോംഷോപ്പ് ജില്ലയാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ഹോം ഷോപ്പുകൾ ആരംഭിക്കാൻ നടപടി തുടങ്ങി. പഞ്ചായത്ത് ഭരണസമിതിയും കുടുംബശീ സിഡിഎസ് ജനറൽബോഡിയും സംയുക്ത യോഗം ചേർന്നാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. എല്ലാ വാർഡുകളിലും കുടുംബശ്രീ ജനറൽ ബോഡി യോഗങ്ങൾ വിളിച്ചു ചേർത്ത് അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യും. അപേക്ഷകരെ കുടുംബശ്രീ ജില്ലാമിഷൻ നേരിട്ട് ഇൻറർവ്യൂ നടത്തി ഒരു വാർഡിൽ ഒന്നു വീതം ഹോംഷോപ്പ് ഓണറെ തിരഞ്ഞെടുക്കും. 'ശ്രീനിധി' സമ്പാദ്യ പദ്ധതി അംഗത്വം, സ്നേഹനിധി ചികിത്സാ സഹായ പദ്ധതി തുടങ്ങി വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഇവരെ ഉൾപെടുത്തും. ജൂലൈ 15 നുള്ളിൽ പരിശീലനം നൽകി ജൂലൈ അവസാനവാരം ബ്ലോക്ക് തല ഉദ്ഘാടനം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംയുക്തയോഗം പ്രസിഡൻറ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് വൈസ് ചെയർപേഴ്സൺ മോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഹോം ഷോപ്പ് പദ്ധതി ജില്ലാ കോഓഡിനേറ്റർ പ്രസാദ് കൈതക്കൽ, ബ്ലോക്ക് കോ ഓർഡിനേറ്റർ കെ.ഡി ദിനിഷ എന്നിവർ പദ്ധതിവിശദീകരിച്ചു. സി ഡി എസ് എം ഇ കൺവീനർ മേഴ്സി ടോം സ്വാഗതവും മേഴ്സി ജോസഫ് നന്ദിയും പറഞ്ഞു.