കോട്ടയം: പ്രളയം ഏലം കൃഷി തകർത്തെങ്കിലും ഏലക്കയ്ക്ക് നല്ല കാലം തെളിഞ്ഞു . കിലോയ്ക്ക് 3000 രൂപയെന്ന റെക്കാഡിലേക്ക് വില കുതിച്ചുയർന്നു
അഴുകൽ, തട്ട ചീയൽ, ശരം അഴുകൽ തുടങ്ങിയ രോഗങ്ങളാലും വലിയ തോതിലാണ് ഏലം കൃഷി നശിച്ചത്. പിന്നാലെ ഇടുക്കിയിൽ 38 ഡിഗ്രിവരെ ചൂട് ഉയർന്നതോടെ ഹെക്ടർ കണക്കിന് സ്ഥലത്തെ ഏലച്ചെടികൾ കരിഞ്ഞു. തട്ടകൾ ഒടിഞ്ഞു വീണ് പൂർണമായും നശിച്ചു.
ഏക്കറിന് രണ്ടര മുതൽ മൂന്നു ലക്ഷം വരെയാണ് ഏലകൃഷിക്ക് ചെലവ്. 500 മുതൽ 800 കിലോ വരെ വിളവ് ലഭിച്ചിരുന്നത് കാലാവസ്ഥ പ്രതികൂലമായതോടെ കുറഞ്ഞു. കനത്ത ചൂടിൽ പൂവ് കൊഴിഞ്ഞു. വേനൽ കടുത്തതും വിളയെ ബാധിച്ചു.
ആഭ്യന്തര ,അന്താരാഷ്ട്ര മാർക്കറ്റുകളിലെ ഡിമാൻഡിന് അനുസരിച്ച് ഇപ്പോൾ ഉത്പാദനവും ഇല്ല. പുതിയ സീസണ് കാലതാമസമെടുക്കുമെന്നും കണ്ടതോടെയാണ് വില കുതിച്ചുയരുന്നത്. കഴിഞ്ഞ സെപ്തംബറിൽ 2227 രൂപയായിരുന്നു റെക്കാഡ് വില. ആഗസ്റ്റിൽ ഉയർന്ന വില 1265 രൂപയും.
കുരുമുളക് വിലയും കുതിച്ചുയരുകയാണ്. ശ്രീലങ്കയിലെ തീവ്രവാദ ആക്രമണം കൊളംബോ തുറമുഖം വഴിയുുള്ള വിദേശ കുരുമുളക് ചരക്ക് നീക്കത്തെയും ബാധിച്ചു. ദക്ഷിണേഷ്യൻ ഫ്രീട്രേഡ് കരാർ പ്രകാരം എട്ടു ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടച്ചാൽ കൊളംബോ തുറമുഖം വഴി ഇന്ത്യയിലേക്ക് കുരുമുളക് ഇഷ്ടം പോലെ കയറ്റിവിടാം.
മറ്റു രാജ്യങ്ങളിലെ കുരുമുളക് ശ്രീലങ്കയിലെത്തിച്ച് അവിടുത്തെ മുളകെന്ന സർട്ടിഫിക്കറ്റോടെയാണ് ഇന്ത്യയിലേക്ക് അയച്ചിരുന്നത്. സാർക്ക് കരാർ അനുസരിച്ച് നികുതിയില്ലാതെ 2500 ടൺ കുരുമുളക് ഇന്ത്യയിലേക്കയക്കാം. കേരളത്തിൽ ഉത്പാദന ചിലവ് 350 രൂപ വരുമ്പോൾ ഇറക്കുമതി മുളകിന് 320 രൂപമാത്രമാണ് വില . ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നതോടെ നാടൻ കുരുമുളക് വില ഉയർന്നേക്കും. ശ്രീലങ്കവഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്ന് കർഷകരും കയറ്റുമതിക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ചെവികൊള്ളാതിരിക്കെയാണ് ശ്രീലങ്ക ഭീകരാക്രമണ.ം പ്രശ്നത്തിൽ താൽക്കാലിക പരിഹാരമായത്.