കോട്ടയം: കെ.എം. മാണിയുടെ വേർപാടിനെ തുടർന്ന് ഒഴിവുവന്ന പാലാ അസംബ്ളി മണ്ഡലത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് ആര് സ്ഥാനാർത്ഥിയാകുമെന്നതിനെക്കുറിച്ച് അണിയറയിൽ ചർച്ച തുടങ്ങി. കെ.എം. മാണി 54 വർഷം തുടർച്ചയായി വിജയിച്ച പാലായിൽ ശക്തനായ ഒരാളെ മത്സര രംഗത്തിറക്കാനാണ് സാദ്ധ്യത. എന്നാൽ, മാണിസാറിന്റെ കുടുംബത്തിൽപ്പെട്ട ആളാവണം സ്ഥാനാർത്ഥിയാവേണ്ടത് എന്നാണ് കെ.എം. മാണിയുടെ വിശ്വസ്തരിൽ ചിലരുടെ ആവശ്യം. മകൻ ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയെ കളത്തിലിറക്കി പാലാ മണ്ഡലം നിലനിറുത്തണമെന്നാണ് ഇവരുടെ ആവശ്യം.
മറ്റുചില പേരുകളും വരുംദിവസങ്ങളിൽ ഉയർന്ന് വന്നേക്കാം. അതേസമയം, ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നാൽ മതിയെന്നിരിക്കെ ഇതേക്കുറിച്ച് ചർച്ച നടത്തേണ്ട സമയം ആയിട്ടില്ലെന്നാണ് പാർട്ടിയിലെ ഒരു സീനിയർ നേതാവ് പ്രതികരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിൽ നിഷാ ജോസ് കെ.മാണിയുടെ പേര് കോട്ടയം മണ്ഡലത്തിൽ ഉയർന്നുവന്നെങ്കിലും അത് സ്നേഹപൂർവം അവർ നിരസിക്കുകയായിരുന്നു. മേയ് ഏഴിന് പാർട്ടിയുടെ പാർലമെന്ററി പാർട്ടി യോഗം കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നുണ്ട്. ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടന്റെ വിജയസാദ്ധ്യത വിലയിരുത്തുകയാണ് ലക്ഷ്യമെങ്കിലും ഈ യോഗത്തിൽ പാർട്ടി ചെയർമാൻ ആരാവണം എന്നതിനെക്കുറിച്ച് അനൗദ്യോഗികമായി ചർച്ചയുണ്ടാവുമെന്നാണ് സൂചന.
നിലവിൽ ജോസ് കെ.മാണി എം.പി പാർട്ടിയുടെ വൈസ് ചെയർമാനും സി.എഫ്.തോമസ് എം.എൽ.എ ഡെപ്യൂട്ടി ലീഡറുമാണ്. പി.ജെ.ജോസഫ് വർക്കിംഗ് ചെയർമാനും. ജോസ് കെ.മാണിയെ ചെയർമാനാക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ പി.ജെ.ജോസഫ് വിഭാഗം എതിർക്കാൻ ഇടയുണ്ട്. കോട്ടയം ലോക്‌സഭാ സീറ്റ് നല്കാതിരുന്നതിൽ ജോസഫ് വിഭാഗം ഇപ്പോഴും ജോസ് കെ.മാണിയുമായി നീരസത്തിലാണ്. തർക്കം രൂക്ഷമായാൽ ഡെപ്യൂട്ടി ലീഡറായ സി.എഫിനെ ചെയർമാനാക്കി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്നും സൂചനയുണ്ട്.
ആറ് എം.എൽ.എ മാരുണ്ടായിരുന്ന കേരള കോൺഗ്രസ് -എമ്മിൽ കെ.എം.മാണി അന്തരിച്ചതോടെ എം.എൽ.എ മാരുടെ എണ്ണം അഞ്ചായി. സി.എഫ്.തോമസ്, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവരിൽ ജോസഫ് ഗ്രൂപ്പിൽ രണ്ട് എം.എൽ.എമാരാണുള്ളത്. ബാക്കി മൂന്നു പേർ മാണി ഗ്രൂപ്പിലുള്ളവരും. സംസ്ഥാന കമ്മിറ്റിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും മാണി ഗ്രൂപ്പിനാണ് മേൽക്കൈ. കോൺഗ്രസുമായി ഏറെ അടുത്തുനിൽക്കുന്ന പി.ജെ. ജോസഫിന്റെ നിലപാട് ചർച്ചകളിലെല്ലാം നിർണായകമാവും.