vellappally

വൈക്കം : ജനക്ഷേമ പദ്ധതികൾ നിരവധിയുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തുന്നില്ലെന്ന് എസ്.എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം ഉല്ലല ഓംകാരേശ്വരം ക്ഷേത്ര ഓഡി​റ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് 'എല്ലാവർക്കും വീട് " എന്ന് എല്ലാ മുന്നണികളും പറയും. എന്നിട്ട് എത്രപേർക്ക് വീട് കിട്ടി ? സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർ ഏറെയും പിന്നാക്ക, പട്ടികജാതിക്കാരാണ്.

അർഹമായത് ചോദിച്ചു വാങ്ങാൻ കരുത്തില്ലാതെ വരുമ്പോൾ അത് അനർഹരുടെ കൈകളിലേക്ക് പോകും. അതിന് സംഘടനയിലൂടെ ശക്തരാകണം. അധികാര കേന്ദ്രങ്ങളിൽ പ്രാതിനിധ്യമില്ലാത്തതിനാലും സമ്പന്നരല്ലാത്തതുകൊണ്ടും നമ്മുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ഈ സ്ഥിതി മാറണം. തിരിച്ചറിവിന്റെ പാതയിലൂടെയാവണം ഇനി സഞ്ചരിക്കേണ്ടത്. ആത്മീയതയിൽ അടിയുറച്ച് നിന്ന് ഭൗതിക വികസനത്തിനായി പൊരുതണം. ആത്മീയ അടിത്തറയിൽ നിന്ന് ജീവിത വിജയം നേടാനാകുവെന്ന് ഗുരുദേവൻ പറഞ്ഞത് പ്രാവർത്തികമാക്കിയത് മറ്റ് പല സമുദായങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർ‌ഡ് മെമ്പർ പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണവും, യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് വിദ്യാഭ്യാസ ധനസഹായ വിതരണവും നിർവഹിച്ചു. സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. ഓംകാരേശ്വരം ദേവസ്വം വൈസ് പ്രസി‌ഡന്റ് രമേശ് പി.ദാസ്, സെക്രട്ടറി കെ.വി.പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി.വിവേക് സ്വാഗതവും , ഹരിമോൻ നന്ദിയും പറഞ്ഞു.