കോട്ടയം: ദീർഘദൂര സ്വകാര്യബസുകളുടെ ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് നിബന്ധന കർശനമാക്കി മോട്ടോർവാഹനവകുപ്പ്. കഴിഞ്ഞയാഴ്‌ച നടന്ന പരിശോധനയിൽ ജില്ലയിൽ 37 ഏജൻസികൾക്ക് നോട്ടീസ് നൽകി. ലൈസൻസുണ്ടെങ്കിൽ ഏപ്രിൽ 29 ന് മുൻപ് ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും ആരും ഹാജരാക്കിയില്ല. ഈ സാഹചര്യത്തിൽ ഓഫീസുകൾ അടച്ചു പൂട്ടുന്നത് അടക്കമുള്ള നടപടികളിലേയ്‌ക്ക് കടക്കും. പുതുതായി ലൈസൻസിനും ആരും അപേക്ഷ നൽകിയിട്ടില്ല. പുതിയ ലൈസൻസിന് കർശന മാനദണ്ഡങ്ങളാണ് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. 150 സ്‌ക്വയർ ഫീറ്റെങ്കിലുമുള്ള മുറിയിൽ വേണം ഓഫീസ് പ്രവർത്തിക്കാൻ. മുൻവശത്തെ റോഡിൽ മറ്റു വാഹനങ്ങൾക്ക് ഗതാഗത തടസമുണ്ടാകാൻ പാടില്ല. പത്തു പേർക്കെങ്കിലും ഒരേ സമയം ഇരിക്കാൻ കഴിയണം. ആവശ്യത്തിന് ടോയ്‌ലെറ്റുകൾ ഉണ്ടായിരിക്കണം. സി.സി.ടി.വി കാമറ സ്ഥാപിക്കണം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു 500 മീറ്റർ മാറി വേണം ഓഫീസ്. ഒരേസമയം മൂന്നു ബസുകൾക്ക് പാർക്ക് ചെയ്യാൻ സംവിധാനം വേണം.
അപേക്ഷ ലഭിച്ചാൽ നടപടി
ലൈസൻസിന് അപേക്ഷ ലഭിച്ചാൽ ഉടൻ നടപടിയെടുക്കും. അപേക്ഷ ലഭിക്കുന്നില്ലെങ്കിൽ മറ്റു ജില്ലകളിൽ എന്തു ചെയ്യുന്നെന്ന് പരിശോധിച്ച് സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.
ബേബി ജോൺ ,ആർ.ടി.ഒ കോട്ടയം