കോട്ടയം: ദുരഭിമാനത്തെ തുടർന്ന് കെവിനെ കൊന്നത് തന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും ഗുണ്ടകളും ചേർന്നാണെന്ന് ഭാര്യ നീനു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. കേസിൽ നിർണായകമാകുന്ന മൊഴി നൽകുന്നതിനിടെ നീനു പലവട്ടം പൊട്ടിക്കരഞ്ഞു. പൊലീസിന് നൽകിയ മൊഴിയിലും നീനു ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കെവിൻ താഴ്ന്ന ജാതിക്കാരനാണെന്നായിരുന്നു പ്രധാന പ്രശ്‌നം. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു ചാക്കോയ്ക്ക്. കെവിനെ വിവാഹം കഴിച്ചാൽ അഭിമാനത്തിന് കോട്ടമുണ്ടാകുമെന്ന് ചാക്കോയും ഷാനുവും വിശ്വസിച്ചിരുന്നു. ഇതേത്തുടർന്നാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊന്നത്. കെവിന്റെ പിതാവിനെയും മാതാവിനെയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്. അതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനു പറഞ്ഞു.
കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നെ എസ്.ഐയായിരുന്ന എം.എസ്. ഷിബു കഴുത്തിന് പിടിച്ചുതള്ളി. ആദ്യം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പിതാവിനൊപ്പം പോകാനാണ് എസ്.ഐ നിർദ്ദേശിച്ചത്. ഇത് സമ്മതിക്കാത്തതിനാൽ സ്വന്തം ഇഷ്‌ടപ്രകാരം പോകുകയാണെന്ന് ബലമായി എഴുതി വാങ്ങി. കെവിനൊപ്പം ജീവിക്കുന്നതിനായാണ് വീടുവിട്ടിറങ്ങിയതെന്നും നീനു പറഞ്ഞു. ഇന്നലെ രാവിലെ 10.30നാണ് കെവിന്റെ പിതാവിനും ബന്ധുവിനുമൊപ്പം നീനു കോടതിയിലെത്തിയത്. പ്രതികൾ ആക്രമിക്കുമെന്ന ഭീതിയിൽ പൊലീസ് സംരക്ഷണവുമുണ്ടായിരുന്നു.
നിയാസ് ഭീഷണിപ്പെടുത്തി
രണ്ടാം പ്രതിയായ നിയാസ് കെവിനൊപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി നീനു പറഞ്ഞു. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു ഭീഷണി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു ഒരു മണിക്കൂർ മുമ്പ് വരെ പ്രതികൾ ഫോണിൽ സംസാരിച്ചിരുന്നതായും ജഡ്‌ജി എസ്. ജയചന്ദ്രൻ മുമ്പാകെ നീനു മൊഴി നൽകി.