പാലാ : പാലാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എൻ.സി.പിയുടെ ആദ്യ യോഗം ഇന്ന് ഇന്ന് വൈകിട്ട് 4 ന് പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ ചേരും. ഇടതുമുന്നണിയിൽ എൻ.സി.പിക്ക് തന്നെയാവും ഇക്കുറിയും സീറ്റ്. ഈ സാഹചര്യത്തിലാണ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനുള്ള പ്രാഥമികയോഗം ചേരുന്നത്. അതേ സമയം എൻ.സി.പിയിൽ സ്ഥാനാർത്ഥിമോഹികളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മാണി സി. കാപ്പനായിരുന്നു സ്ഥാനാർത്ഥി. ഇത്തവണ ജില്ലാ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സംസ്ഥാനസമിതിയംഗം സുമിത്ത് ജോർജ്ജ്, സംസ്ഥാന നിർവാഹക സമിതിയംഗം സാബു എബ്രാഹം എന്നിവർ അവകാശമുന്നയിക്കുന്നുണ്ട്. എന്നാൽ ദേശീയനിർവാഹക സമിതിയംഗം മാണി സി. കാപ്പന്റെ പേരിനാണ് മുൻഗണന. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമന അദ്ധ്യക്ഷത വഹിക്കും. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, മാണി സി. കാപ്പൻ തുടങ്ങിയവർ പങ്കെടുക്കും.