പാലാ: ഭാര്യാഭർത്താക്കന്മാർ ഒരേ സമയം രക്തം ദാനം ചെയ്തുകൊണ്ട് മീനച്ചിൽ യൂണിയനിൽ സന്നദ്ധ രക്തദാന ക്യാമ്പിന് തുടക്കമായി. എസ്.എൻ.ഡി.പിയോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സന്നദ്ധ രക്തദാന ക്യാമ്പും ആരോഗ്യബോധവത്കരണ ക്ലാസും നടത്തിയത്. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റിയംഗവും ഓൾ കേരളാഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക് സെക്രട്ടറിയുമായ കെ.ആർ. സൂരജ് പാലായും ഭാര്യ ജയന്തിയുമാണ് ഒരേസമയം രക്തം ദാനം ചെയ്തത്. സൂരജ് പാലാ ബ്ലഡ്‌ ഫോറം എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്. സൂരജും ജയന്തിയും ഉൾപ്പെടെ അൻപതോളംപേരാണ് രക്തം ദാനം ചെയ്തത്.
ക്യാമ്പ് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ്‌ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധ്യക്ഷത വഹിച്ചു. അനീഷ് ഇരട്ടയാനി, അരുൺ കുളമ്പള്ളി,സോളി ഷാജി തലനാട്, ബിന്ദു സജി, കുമാരി മല്ലികശ്ശേരി, സുധീഷ് ചെമ്പൻകുളം, സനൽ പൂഞ്ഞാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ. കലാ പ്രമോദ്‌ ബോധവത്കരണ ക്ലാസ് നയിച്ചു. സൗജന്യരോഗ നിർണയ ക്യാമ്പുമുണ്ടായിരുന്നു. പാലാ മരിയൻ ആശുപത്രി - കിസ്‌കോ ബ്ലഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്.