കോട്ടയം: പ്രളയത്തിൽ മുങ്ങിയ കേരളത്തെ രക്ഷിക്കാൻ തുച്ഛ വരുമാനത്തിൽ നിന്ന് സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുമട്ടു തൊഴിലാളികൾ നൽകിയത് മൂന്ന് കോടിയിലേറെ രൂപ. പക്ഷേ, പ്രളയമടക്കം ദുരന്തങ്ങളിൽപ്പെട്ട തൊഴിലാളികളെ ക്ഷേമ ബോർഡ് ദ്രോഹിക്കുന്നു. വിവിധ ദുരന്തങ്ങളിൽപ്പെട്ട 6,661 തൊഴിലാളികൾ ക്ഷേമനിധി സഹായത്തിനപേക്ഷിച്ച് കാത്തിരിക്കുന്നു. എന്നാൽ, കലാമിറ്റി റിലീഫ് തുക ഇതുവരെ ഒരാൾക്കു പോലും നൽകിയില്ല. പട്ടിണിയിലും പരിവട്ടത്തിലുമാണ് മിക്ക കുടുംബങ്ങളും. 2335 പേർ പ്രളയദുരിതം അനുഭവിക്കുന്നവരാണ്.
20,000 രൂപയാണ് ഓരോരുത്തർക്കും കിട്ടേണ്ടത്. കലാമിറ്റി റിലീഫ് പതിനായിരം രൂപയായിരുന്നത് ഇരട്ടിയാക്കിയത് നിലവിലെ ബോർഡാണ്. കാര്യത്തോട് അടുത്തപ്പോൾ കൈമലർത്തുന്നതും അവർ തന്നെ.
ഒരു തൊഴിലാളിയിൽ നിന്ന് ആയിരം രൂപ വീതം പിരിച്ച് 3.18 കോടി രൂപയാണ് ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പണം നൽകാൻ ആവേശം കാട്ടിയ ബോർഡ് പക്ഷേ, സ്വന്തം തൊഴിലാളികൾ കൈകാലിട്ടടിക്കുന്നത് കാണുന്നില്ല. പൊതുപ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് കലാമിറ്റി ഫണ്ട് വിതരണം നടന്നിട്ടില്ലെന്ന് പറയുന്നത്.
ആദ്യം കൈയടി പിന്നെ...
2018 മാർച്ച് ഒന്നിനാണ് ബോർഡിന്റെ കലാമിറ്റി റിലീഫ് തുക ഇരുപതിനായിരമായി വർദ്ധിപ്പിച്ചത്. ഓരോ ജില്ലയിലെയും അർഹരുടെ പട്ടിക ബോർഡ് തയ്യാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അർഹർ കൂടുതലുള്ളത്.
കാത്തിരിക്കുന്നവർ
തിരുവനന്തപുരം: 6
പത്തനംതിട്ട: 573
കോട്ടയം: 428
ഇടുക്കി: 55
ആലപ്പുഴ: 262
എറണാകുളം: 1643
തൃശൂർ1223
പാലക്കാട്: 649
മലപ്പുറം: 1257
വയനാട്: 142
കണ്ണൂർ: 106
കോഴിക്കോട്: 317
'' പ്രാദേശിക സമിതികളുടെ ശുപാർശയിലാണ് പണം നൽകുന്നത്. നടപടിക്രമം പൂർത്തിയാക്കി വിതരണം തുടങ്ങും''
- കാട്ടാക്കട ശശി, ചെയർമാൻ
(ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്)