കോട്ടയം: കെ.എം.മാണിയുടെ വേർപാടിനെ തുടർന്ന് പാലാ അസംബ്ളി മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി. ജോർജ് എം.എൽ.എയുടെ മകൻ ഷോൺ ജോർജ് മത്സരിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് എൻ.ഡി.എ കേന്ദ്ര നേതൃത്വവുമായി ചർച്ച ആരംഭിച്ചതായാണ് അറിയുന്നത്. ഷോൺ ജോർജ് മത്സരിക്കുന്നതിൽ ബി.ജെ.പി കേരള ഘടകത്തിനും എതിർപ്പില്ല. യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോൾ ഷോൺ ജോർജ്. കെ.എം.മാണിയുടെ തട്ടകമായ പാലായിൽ യു.ഡി.എഫിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ഷോണിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ജനപക്ഷം പാർട്ടി ബി.ജെ.പിയ്ക് പൂർണ പിന്തുണ നല്കിയിരുന്നു. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതന്നെയാണ് ജനപക്ഷം പാർട്ടി ചെയർമാൻ പി.സി.ജോർജ് ആവർത്തിച്ചു വ്യക്തമാക്കുന്നത്. ജനപക്ഷം പാർട്ടി ഇപ്പോൾ എൻ.ഡി.എയ്ക്കൊപ്പമാണ്. അതേസമയം, ഇടതുമുന്നണി ആരെയാവും പാലായിൽ മത്സരിപ്പിക്കുക എന്നത് സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് പാലാ പ്രസ്റ്റീജ് മണ്ഡലമാണ്. കെ.എം. മാണിയുടെ മണ്ഡലം നിലനിറുത്താൻ ശക്തനായ സ്ഥാനാർത്ഥിയെതന്നെ മാണി ഗ്രൂപ്പ് രംഗത്തിറക്കും. ആറു മാസത്തിനുള്ളിൽ നടക്കേണ്ട ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയ്ക്കായി ഔദ്യോഗിക ചർച്ച ആരംഭിച്ചിട്ടില്ലെങ്കിലും അണിയറയിൽ ആരെ നിറുത്തുമെന്ന ചർച്ച ചൂടുപിടിച്ചുകഴിഞ്ഞു. മാണി ഗ്രൂപ്പിൽ ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയുടെ പേരിനാണ് ആദ്യ പരിഗണന. എന്നാൽ, നിഷയുടെ കാര്യത്തിൽ കേരള കോൺഗ്രസിലെ ജോസഫ് ഗ്രൂപ്പിന്റെ നിലപാടും നിർണായകമാണ്.
ഉപതിരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടമാവും പാലായിൽ നടക്കുക. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെ മത്സരത്തിന് വീറും വാശിയും കൂടും. ആദ്യകാലങ്ങളിൽ പാലായിൽ കെ.എം.മാണിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞപ്രാവശ്യം കുറഞ്ഞിരുന്നു. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ജനപക്ഷം എൻ.ഡി.എയുടെ ഘടകകക്ഷിയായതോടെ പല ഓഫറുകളും ബി.ജെ.പി കേന്ദ്രനേതൃത്വം നല്കിയിട്ടുള്ളതായി അറിയുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ചാൽ ജനപക്ഷത്തിന് മുന്നണിയിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുകയും ചെയ്യും.