mana

മണർകാട്: രൂക്ഷമാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കാനായി പൊലീസിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രാഫിക് പരിഷ്കരിച്ചിട്ടും മണർക്കാട്ടെ ട്രാഫിക് ബ്ലോക്ക് വർദ്ധിക്കുന്നതല്ലാതെ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മുതൽ ഏർപ്പെടുത്തിയ ട്റാഫിക് പരിഷ്കാരം യാത്രക്കാരെ സംബന്ധിച്ച് കൂനിൻമേൽ കുരു പോലെയായി. മുൻപ് പലവണ്ടികളും ടൗണിൽ കയറാതെ പോയിരുന്നെങ്കിൽ പുതിയ പരിഷ്‌കരണത്തിൽ എല്ലാ വണ്ടികളും ടൗണിൽ കയറണം. പരിഷ്‌കാരം വ്യാപാര മേഖലയ്ക്കും തിരിച്ചടിയായെന്ന് വ്യാപാരികൾ പറയുന്നു.

പരിഷ്‌കാരത്തിന്റെ ഭാഗമായി പുതുപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തും ദേശീയപാതയിൽ റോഡിന്റെ പകുതി ഭാഗവും ബ്ലോക്ക് ചെയ്തിട്ടുണ്ട്. തിരിയേണ്ട എല്ലാ ഭാഗത്തും പൊലീസിന്റെ സേവനവും ലഭ്യമാക്കിയാണ് ക്രമീകരണം ഏർപ്പെടുത്തിയതെങ്കിലും ടൗണിൽ ബ്ലോക്കാണ്. മണർകാട് ടൗണിൽ രാവിലെ അനുഭവപ്പെടുന്ന രൂക്ഷമായ ബ്ലോക്ക് യാത്രക്കാരെ, പ്രത്യേകിച്ചും ഓഫീസിൽ പോകുന്നവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടാണ് സമ്മാനിക്കുന്നത്. കിഴക്കോട്ടുള്ള ബസുകൾ ബൈപാസിലൂടെ വന്ന് പഴയ കെ.കെ റോഡ് വഴി നേരെ പോകുന്നതിനാൽ എരുമപ്പെട്ടി , ആറാംമൈൽ, ഇല്ലിവളവ് എന്നീ മൂന്ന് ബസ് സ്റ്റോപ്പുകൾ ഒറ്റപ്പെട്ടു പോയതോടെ അതത് ഭാഗത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായി. തുടർന്ന് പഴയ കെ.കെ റോഡിൽ നിന്ന് ഗവ.യു.പി സ്‌കൂളിന് മുന്നിലൂടെ തിരിഞ്ഞ് പഴയതു പോലെ പോകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്ക് നിന്ന് വരുന്ന വാഹനങ്ങൾക്ക് പഴയ കെ.കെ റോഡിലേയ്ക്കു പ്രവേശനമില്ല. ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി പൊതുജനങ്ങൾക്കു സമയം നൽകിയിരുന്നു.