വൈക്കം: ജനസാന്ദ്രതയേറിയ വൈക്കത്തെ നഗരപ്രദേശത്തും ഉൾപ്രദേശങ്ങളിലും അടിയന്തിര ഘട്ടങ്ങളിൽ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തുന്ന വൈക്കം ഫയർ ഫോഴ്‌സിന് ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് അധികൃതർ നടപടി ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജലാശയങ്ങളും പാടശേഖരങ്ങളും വാഹനം കടന്നു ചെല്ലാൻ കഴിയാത്ത ഇടുങ്ങിയ വഴികളുള്ളിടത്തുമെല്ലാം എത്തി രക്ഷാപ്രവർത്തനം നടത്തുന്ന അഗ്‌നിശമന സേനയ്ക്ക് സ്‌കൂബസെറ്റ്, റബർ ഡിങ്കി തുടങ്ങിയ സൗകര്യങ്ങളൊന്നുമില്ലാത്തത് പലപ്പോഴും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. തീരദേശ മേഖലയായ വൈക്കത്തെ വിവിധ പ്രദേശങ്ങളിൽ ആളുകൾ വെള്ളത്തിൽ വീണ് അപകടത്തിൽ പെടുമ്പോൾ കോതമംഗലം, കോട്ടയം തുടങ്ങി സ്ഥലങ്ങളിൽ നിന്നും സ്‌കൂബ സെറ്റ് എത്തിയാണ് പലപ്പോഴും രക്ഷാപ്രവർത്തനം നടത്തുന്നത്. ഇത്തരം സംവിധാനം വൈക്കത്ത് അനുവദിച്ചാൽ വെള്ളത്തിൽ വീണ് അപകടത്തിൽ പെടുന്നവരെ ഉടൻ രക്ഷപ്പെടുത്താൻ സാധിക്കും. ഏതാനും ആഴ്ചകൾക്ക് മുൻപ് വെട്ടിക്കാട്ടു മുക്കിൽ വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾ കുളിക്കടവിൽ മുങ്ങി മരിച്ചിരുന്നു. അന്ന് കോട്ടയത്തുനിന്നും സ്‌കൂബ അംഗങ്ങൾ എത്തിയാണ് ഇതിൽ ഒരാളെ കരക്കെടുത്തത്. ഏതാനും മാസങ്ങൾക്ക് മുൻപ് മുണ്ടാറിൽ വളളം മറിഞ്ഞ് മാദ്ധ്യമ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചിരുന്നു. അവിടെയും നിഴലിക്കുന്നത് വെള്ളത്തിൽ അകപ്പെട്ടവരെ അടിയന്തിരമായി രക്ഷപ്പെടുത്താൻ ആധുനിക സംവിധാനങ്ങൾ വൈക്കത്ത് ഇല്ലാത്തതാണ് കാരണം.
അടിയന്തിര ഘട്ടങ്ങളിൽ ഫയർ ഫോഴ്‌സ് വേഗത്തിൽ വാഹനമിറക്കിയാൽ ഫയർസ്റ്റേഷൻ ഓഫീസിലേക്കുള്ള വീതി കുറഞ്ഞ റോഡിൽ മറിയുമെന്ന സ്ഥിതിയാണുള്ളത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഇടുങ്ങിയ റോഡിൽ ഫയർഫോഴ്‌സ് വാഹനം മറിഞ്ഞെങ്കിലും അന്ന് ജീവനക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫയർ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.