കോട്ടയം: ടാർജറ്റിന്റെ 91 ശതമാനവും കൈവരിച്ച് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ. മാർച്ചിൽ 3.12 കോടി രൂപ വരുമാനമുണ്ടാക്കിയ ഡിപ്പോ, ഏപ്രിലിൽ ഇത് 3.49 കോടിയാക്കി ഉയർത്തി. ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്.
അവധിക്കാലവും ആഘോഷദിവസങ്ങളും ഒന്നിച്ചെത്തിയതും, കൃത്യമായി സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ സാധിച്ചതുമാണ് വരുമാന വർദ്ധനവിനു കാരണം. ഏപ്രിലിലെ അഞ്ചു ദിവസം നൂറു ശതമാനം കൈവരിക്കാൻ സാധിച്ചു.
ഏപ്രിലിൽ 8.60 ലക്ഷം കിലോമീറ്ററാണ് സർവീസ് നടത്തിയത്. പ്രതിദിനം 70 സർവീസുകൾ ഓപ്പറേറ്റ് ചെയ്‌തു. മാർച്ചിൽ കിലോമീറ്ററിന് 35.71 രൂപയായിരുന്നു വരുമാനം. ഏപ്രിലിൽ ഇത് 40.65 രൂപയായി . ഒരു ബസ് സർവീസ് നടത്തുമ്പോൾ മാർച്ചിൽ ലഭിച്ചത് 14,444 രൂപയായിരുന്നെങ്കിൽ ഏപ്രിലിൽ 16,869 രൂപയായി.
ഇനി നല്ല പെരുമാറ്റം
വരുമാന വർദ്ധനവിന്റെ ഭാഗമായി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും കൗൺസലിംഗ് നൽകി. യാത്രക്കാരോടുള്ള പെരുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ മികവ് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ പ്രയോജനം ഏപ്രിലിലെ കളക്ഷനിൽ കാണാൻ കഴിഞ്ഞു. ഡ്രൈവർമാരുടെ കുറവു മൂലം പ്രതിദിനം 70 സർവീസ് മാത്രമാണ് ഏപ്രിലിൽ അയയ്ക്കാൻ സാധിച്ചത്. ഡിപ്പോയിൽ നിലവിൽ 25 ഡ്രൈവർമാരുടെ കുറവുണ്ടെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ മുഹമ്മദ് അബ്‌ദുൾ നാസർ പറഞ്ഞു.
പ്രതീക്ഷ ബംഗളൂരു
അവധിക്കാലം മുൻ നിർത്തി ബംഗളൂരുവിലേയ്ക്ക് അനുവദിച്ച താല്‌കാലിക പെർമിറ്റിന്റെ കാലാവധി പത്തിന് അവസാനിക്കും. ഇത് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിൽ കല്ലട സർവീസുകൾക്കെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യം മുതലെടുക്കാനാവും. നിലവിൽ പ്രതിദിനം രണ്ടു സർവീസുകളാണ് ബംഗളൂരുവിന് നടത്തുന്നത്. വൈകിട്ട് 5.30 നും ആറിനും.