കോട്ടയം: സ്ഥിരം അപകടമുണ്ടാകുന്ന എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ഡിവൈഡർ നിർമ്മിക്കാൻ കെ.എസ്.ടി.പിയുടെ നീക്കം. എന്നാൽ റോഡിൽ അശാസ്‌ത്രീയമായി ഡിവൈഡർ നിർമ്മിക്കാൻ ശ്രമിക്കുന്നത് അപകടത്തിനിടയാക്കുമെന്ന ആരോപണവുമായി നാട്ടുകാരും ഓട്ടോഡ്രൈവർമാരും രംഗത്ത് എത്തി. ഇതിനിടെ മണിപ്പുഴ ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റുകളിൽ ഒന്ന് വാഹനം ഇടിച്ച് തകരാറിലാകുകയും ചെയ്‌തെങ്കിലും ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല.
ഇന്നലെ രാവിലെയാണ് മണിപ്പുഴയിൽ നിന്നും മേൽപ്പാലം റോഡിലേയ്‌ക്ക് തിരിയുന്ന ഭാഗത്ത് ഡിവൈഡർ നിർമ്മിക്കാനുള്ള ജോലികൾ ആരംഭിച്ചത്. എം.സി റോഡിൽ നിന്നും മേൽപ്പാലം റോഡിലേയ്‌ക്ക് തിരിയുന്ന ഭാഗത്ത് പാലത്തോട് ചേർന്ന ഭാഗത്താണ് ഡിവൈഡർ നിർമ്മിക്കുന്നത്. ഇന്നലെ രാവിലെ നിർമ്മാണ ജോലികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. എന്നാൽ, ശാസ്ത്രീയമായ പരിശോധനയ്‌ക്ക് ശേഷമാണ് ഡിവൈഡർ നിർമ്മിക്കുന്നതെന്നും, അതുകൊണ്ടു തന്നെ നാട്ടുകാരുടെ പ്രതിഷേധം അംഗീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു കെ.എസ്.ടി.പി അധികൃതരുടെ വാദം.
എം.സി റോഡിൽ ഏറ്റവും അപകടം കൂടിയ ജംഗ്ഷനുകളിൽ ഒന്നാണ് മണിപ്പുഴ. കോടിമത പാലം മുതൽ മണിപ്പുഴ വരെയാണ് നാലുവരിപ്പാത. ഈ റോഡിലൂടെ അതിവേഗത്തിലാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്. എന്നാൽ, മണിപ്പുഴ പാലത്തിൽ എത്തുമ്പോൾ റോഡിന്റെ വീതി കുറയുകയാണ് ചെയ്യുന്നത്. ഈ പാലത്തിനോട് ചേർന്ന ഭാഗത്താണ് ഇപ്പോൾ ഡിവൈഡർ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
രാത്രിയിൽ മണിപ്പുഴ ജംഗ്ഷനിൽ വെളിച്ചമില്ലാത്തതിനാൽ ഡിവൈഡർ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്ഥലത്ത് സ്ഥിരം അപകടമുണ്ടാകാൻ ഇത് ഇടയാകുമെന്ന് ആക്ഷേപമുണ്ട്. രാത്രിയിൽ എത്തുന്ന ബൈക്ക് യാത്രക്കാരായിരിക്കും അപകടത്തിൽപ്പെടുന്നതിൽ ഏറെയും. നേരത്തെ സമാന രീതിയിൽ സംക്രാന്തിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഡിവൈഡർ കെ.എസ്.ടി.പി പൊളിച്ചു മാറ്റിയിരുന്നു.
ഇതിനിടെ മണിപ്പുഴ ജംഗ്ഷനിൽ അപകടത്തിൽ ഒടിഞ്ഞ സിഗ്നൽ പോസ്റ്റുകളിൽ ഒന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും തിരികെ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.