കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷൻ പാലാ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കും മുമ്പേ എൻ.സി.പി പാലാ നിയോജകമണ്ഡലം കമ്മിറ്റി മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഇടതു മുന്നണിയെ ഞെട്ടിച്ചു.
കെ.എം.മാണിയുടെ മരണത്തെതുടർന്ന് ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി. ഇടതു മുന്നണിയോ യു.ഡി.എഫോ എൻ.ഡി.എയോ ഇക്കാര്യത്തിൽ പ്രാഥമികചർച്ച പോലും തുടങ്ങിയിട്ടില്ല. അതിനിടയ്‌ക്കാണ് എൻ.സി.പി ദേശീയ കൗൺസിൽ അംഗം മാണി സി. കാപ്പൻ മുൻകൈയെടുത്ത് ഇന്നലെ നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചു കൂട്ടി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
രണ്ടു തവണ കെ.എം.മാണിയോട് മത്സരിച്ചു തോറ്റ മാണി സി. കാപ്പനു പകരം അര ഡസനിലധികം പേർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു .ഇത് മുൻ കൂട്ടിക്കണ്ടാണ് മാണി സി. കാപ്പൻ തനിക്കൊപ്പം നിൽക്കുന്ന എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയെ സ്വാധീനിച്ച് ഒരു മുഴം മുമ്പേ എറിഞ്ഞത്.
സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയെ ഉപയോഗപ്പെടുത്തിയെന്ന് കാപ്പൻ ഗ്രൂപ്പ് വിരുദ്ധ വിഭാഗം ആരോപിക്കുന്നു.
എൻ.സി.പി സംസ്ഥാന സെക്രട്ടറി സുഭാഷ് പുന്നക്കോട്ടിൽ, ജില്ലാ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സംസ്ഥാന സമിതി അംഗം സുമിത് ജോർജ്, സാബു എബ്രഹാം തുടങ്ങിയവർ സ്ഥാനാർത്ഥി മോഹികളായി രംഗത്തുണ്ടായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന മാണി സി. കാപ്പനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മാണി സി. കാപ്പൻ സ്ഥാനാർത്ഥിത്വമുറപ്പിച്ചു.
നാലായിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു കെ.എം. മാണിയുടെ ജയം. മറ്റൊരു സ്ഥാനാർത്ഥിയായിരുന്നെങ്കിൽ മാണി തോറ്റേനെയെന്ന് ഔദ്യോഗിക വിഭാഗം അന്ന് അരോപിച്ചത് വിവാദമായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഉഴവൂർ വിജയന്റെ മരണമെന്നു പോലും കരുതുന്ന ഒരു വിഭാഗം എൻ.സി.പിയിലുണ്ട്.
എൻ.സി.പിക്ക് ജയസാദ്ധ്യതയില്ലാത്തതിനാൽ പാലാ സീറ്റ് പിടിച്ചെടുക്കാൻ സി.പി.എം ശ്രമിക്കുന്നത് മനസിലാക്കിയാണ് എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ മുൻ കൂർ സ്ഥാനാർത്ഥി പ്രഖ്യാപനം. ഇടതു മുന്നണി തീരുമാനമെടുത്തിട്ടില്ലെന്നും മാണി സി. കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ഇടതു നേതൃത്വത്തെ അറിയിക്കും കാപ്പന്റെ സാന്നിദ്ധ്യത്തിൽ മറ്റു നേതാക്കൾ വിശദീകരിച്ചു.
പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി ജോസ് കെ. മാണിയുടെ ഭാര്യ നിഷ മത്സരിച്ചേക്കുമെന്നാണ് പ്രചാരണം .