കോട്ടയം: കെവിൻവധക്കേസിൽ പ്രതികളായ ഷാനുവും പിതാവും ചേർന്ന് നടത്തിയ ആസൂത്രണത്തിനു തെളിവായി വാട്‌സ് ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 'അവനെ കൊല്ലാം, ഞാൻ ചെയ്‌തോളാം' എന്ന് ചാക്കോയ്‌ക്ക് ഷാനു അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് സുപ്രധാന തെളിവായി പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. ഈ സന്ദേശവും ഒന്നാം പ്രതി ഷാനുവിനെയും 89 -ാം സാക്ഷി സന്തോഷ് തിരിച്ചറിഞ്ഞു. ഷാനു ഒളിവിൽ താമസിച്ചിരുന്ന കണ്ണൂർ കറിക്കാട്ടേരി സോയി വർക്കിയുടെ അയൽവാസിയാണ് സന്തോഷ്. ഇതോടെ കേസിന്റെ ഒന്നാം ഘട്ട വിചാരണ പൂർത്തിയായി. രണ്ടാം ഘട്ടം 13 ന് ആരംഭിക്കും.
കെവിനെ കൊലപ്പെടുത്താൻ പ്രതികൾ കൃത്യമായി ആസൂത്രണം നടത്തിയതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ കോടതിയിൽ ബോധിപ്പിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്ന് മൊബൈൽ ഫോൺ എടുക്കാൻ ഷാനു മറന്നിരുന്നു. ഈ ഫോണിൽ നിന്നാണ് പൊലീസ് വാട്‌സ് ആപ്പ് സന്ദേശങ്ങൾ കണ്ടെത്തിയത്
ഏഴാം പ്രതി സജാദ്, പത്താം പ്രതി വിഷ്‌ണു, എട്ടാം പ്രതി നിഷാദ്, പതിമൂന്നാം പ്രതി ഷിനു എന്നിവരെ കുമളിയിലെ ഹോം സ്റ്റേ നടത്തിപ്പുകാരൻ ജനദേവൻ തിരിച്ചറിഞ്ഞു. കൊച്ചിയിലെ മീൻ വിൽപ്പനക്കാരാണെന്ന വ്യാജേനെയാണ് ഇവർ ഹോംസ്റ്റേയിൽ താമസിച്ചത്