പാലാ : വോളിബാളിന്റെ ഈറ്റില്ലമായ പാലായിൽ കാൽപ്പന്തിന്റെ ആവേശം വിതറി പോർച്ചുഗൽ കോച്ച് ജാവോ പെഡ്രോ താരമായി. പാലാ സ്‌പോർട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്ബാൾ ക്ലബും സ്‌കോർ ലൈൻ സ്‌പോർട്‌സും ചേർന്ന് പാലായിൽ സംഘടിപ്പിച്ചു വരുന്ന അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിൽ പരിശീലകനായി എത്തിയതാണ് ജാവോ പെഡ്രോ ഫിലിപ്പ് സാൽഗ്യൂറോ. ചെറിയാൻ ജെ.കാപ്പൻ സ്മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് പരിശീലനം. ആറു വയസിനും 16 വയസിനുമിടയിൽ പ്രായമുള്ള 300ൽ പരം കുട്ടികളാണ് രാവിലെയും വൈകിട്ടുമായി പരിശീലനത്തിന് എത്തുന്നത്. വിവിധ ക്ലബുകൾക്കായി 2016 മുതൽ കേരളത്തിൽ പെഡ്രോ പരിശീലനം നൽകി വരുന്നുണ്ട്. നല്ല സ്‌റ്റേഡിയം പാലായുടെ അനുഗ്രഹമാണെന്ന് പെഡ്രോ ചൂണ്ടിക്കാട്ടി. രാവിലെ ആറിനു മുൻപെ സ്‌റ്റേഡിയത്തിൽ എത്തിയാൽ പിന്നെ 10 മണിയോടെ മുറിയിലേയ്ക്ക് മടങ്ങും. തുടർന്നു വൈകിട്ട് 3 ന് വീണ്ടും ആരംഭിക്കുന്ന പരിശീലനം ആറരയോടെ കഴിയും.