തൊടുപുഴ: അനുവാദമില്ലാതെ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയതിന് പതിനാലുകാരനെ മർദിച്ച കേസിൽ ബന്ധുവായ യുവാവിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. പട്ടയംകവല സ്വദേശി ജയേഷിനെയാണ് (38) എസ്.ഐ പി.കെ.രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തെക്കുംഭാഗത്തിനു സമീപം താമസിക്കുന്ന കുട്ടി ബന്ധുവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ അകന്ന ബന്ധുവായ ജയേഷ് തന്റെ വയറിനും പുറത്തും അടിച്ചെന്നാണ് കുട്ടി നൽകിയ മൊഴി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് പത്ത് വർഷം മുമ്പ് മരണമടഞ്ഞു. ഒരു വർഷത്തോളമായി പെയിന്റിംഗ് തൊഴിലാളിയായ ജയേഷ് കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.