marijuana-toddy

കോട്ടയം: വീര്യം കൂട്ടാൻ കള്ളിൽ കഞ്ചാവ് കലർത്തി വിൽക്കുന്നത് വ്യാപകം. അടുത്തിടെ ചില കേസുകൾ എക്സൈസ് പിടികൂടിയിരുന്നു. എന്നിട്ടും 'കഞ്ചാവ് കള്ളിന്റെ' വിൽപ്പനയ്ക്ക് കുറവില്ല. പരിശോധന കാര്യക്ഷമം അല്ലാത്തതാണ് കാരണമെന്നാണ് ആക്ഷേപം. 'കഞ്ചാവ് കള്ള്' വിൽക്കുന്ന ഷാപ്പുകളിലാകട്ടെ ബാറിനെ വെല്ലുന്ന വിൽപ്പനയാണ്. ഒരു കുപ്പി കഴിച്ചാൽ ഒരു ദിവസം മുഴുവൻ ലഹരി കിട്ടുമെന്നതാണ് ഇതിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. ഇത് ചോദിച്ച് വാങ്ങുന്നവരുമുണ്ടത്രേ.

കുറച്ചുനാൾ മുമ്പ് മുണ്ടക്കയം കാളകെട്ടി ഷാപ്പിൽ നിന്നും എക്സൈസ് ശേഖരിച്ച കള്ള് സാമ്പിളിൽ കഞ്ചാവിന്റെ അംശം കൂടിയ തോതിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നാലാം നമ്പർ ഗ്രൂപ്പിൽപ്പെട്ട അഞ്ച് ഷാപ്പുകൾ കഴിഞ്ഞദിവസം പൂട്ടിച്ചു. തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയത്.

കാളകെട്ടി, മഞ്ഞപ്പള്ളി, നരിവേലി, തമ്പലക്കാട്, കാഞ്ഞിരപ്പള്ളി ടൗൺ ഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസികളായ നാലു പേർക്കെതിരെ എക്സൈസ് കേസ് എടുത്തു. അതേസമയം ഷാപ്പുടമകൾ ഒളിവിലാണെന്നാണ് എക്സൈസ് പറയുന്നത്.ഒരു ഗ്രൂപ്പിലെ ഏതെങ്കിലും ഷാപ്പിൽ നിരോധിത ലഹരി പദാർത്ഥങ്ങളോ നിയമലംഘനമോ കണ്ടെത്തിയാൽ ആ ഗ്രൂപ്പിലെ എല്ലാ ഷാപ്പുകളും നിയമനടപടികൾക്ക് വിധേയമാക്കണമെന്നാണ് നിയമം.

മൂന്നു മാസം മുമ്പ് കാഞ്ഞിരപ്പള്ളി പാറത്തോട് ഷാപ്പിൽ നിന്നും കള്ളിന് കൊഴുപ്പു കൂട്ടാനായി ഉപയോഗിക്കുന്ന സ്റ്റാർച്ച് കണ്ടെത്തിയിരുന്നു. തുടർന്ന് കള്ളിന്റെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ ലാബിലേക്ക് അയച്ചു. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും സാമ്പിൾ ലാബിൽ എത്തിയില്ലെന്ന ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് എക്സൈസ് കമ്മിഷണറുടെ അന്വേഷണം തുടരുകയാണ്. കേസ് ഇപ്പോൾ കോടതിയിലാണ്. അതേസമയം, മായം കലർന്ന കള്ള് കണ്ടെത്തി ഷാപ്പ് പൂട്ടിച്ചാലും ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ അതേഷാപ്പിലെ ജീവനക്കാരുടെ പേരിൽ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാറുണ്ടെന്ന ആരോപണവുമുണ്ട്. ഇതേക്കുറിച്ചും കാര്യമായ അന്വേഷണം നടക്കാറില്ല.

കിഴികെട്ടി കള്ളിലിടും, അമിത ലാഭം

മുമ്പൊക്കെ നേരിയ തോതിലാണ് കഞ്ചാവ് കള്ളിൽ ചേർത്തിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ അളവ് കൂടിയെന്നാണ് വിവരം. കൂടുതൽ വീര്യം തേടിയെത്തുന്നവരെ 'വീഴ്ത്താനാണ്' ഈ പ്രയോഗം. കഞ്ചാവിന്റെ ഇലയും തണ്ടും പൊടിയാക്കി ഒരു തുണിയിൽ കിഴികെട്ടി കള്ളിൽ ഇടുകയാണ് ചെയ്യുന്നത്. നൂറു ലിറ്റർ കള്ളിൽ ഇത്തരത്തിൽ കഞ്ചാവും അതിനൊപ്പം വെള്ളവും ചേർക്കുമ്പോൾ 2500 ലിറ്ററിലേറെ ലഭിക്കും. ഒരു ലിറ്റർ കള്ളിന് വില 110 രൂപ. നൂറു ലിറ്റർ കള്ളിന് 11,000 രൂപ. 2500 ലിറ്റർ വ്യാജകള്ള് വിറ്റാൽ ലഭിക്കുന്നത് 2,75,000 രൂപ. പലപ്പോഴും കള്ളിന്റെ മട്ടിൽ നിന്നാണ് വ്യാജൻ ഉണ്ടാക്കുക.

ഡയസെപ്പാം പേസ്റ്റ്

വ്യാജ കള്ളും ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഡയസെപ്പാം എന്ന പേസ്റ്റാണ് വ്യാജകള്ള് നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുക. ഇത് ചേർത്ത ലായനിയിൽ കള്ളിനൊപ്പം വെള്ളവും ചേർത്ത് കലക്കിവയ്ക്കും. ഷാമ്പു, പഞ്ചസാര എന്നിവയും ആവശ്യത്തിന് ചേർക്കും. കൊഴുപ്പു കൂടാൻ സ്റ്റാർച്ചും. വീര്യം കടുപ്പിക്കാൻ കഞ്ചാവോ സ്പിരിറ്റോ കൂടി ചേർക്കും.