ചങ്ങനാശേരി : കുരിശുംമൂട് - ഇത്തിത്താനം- മാളികക്കടവ് കോട്ടയം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രി 7.30 ന് ശേഷം സ്വകാര്യബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതായി യാത്രക്കാർ പറഞ്ഞു. ഇത് സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. രാത്രിയിൽ കോട്ടയത്തു നിന്നു വരുന്ന ബസുകൾ മാളികക്കടവിലും പുളിമൂട്ടിലുമായാണ് സർവീസ് അവസാനിപ്പിക്കുന്നത്. ചങ്ങനാശേരിയിൽ നിന്നു ദിവസവും 8.40 ന് പുറപ്പെട്ടിരുന്ന ബസ് സർവീസ് പൂർണമായും നിറുത്തലാക്കി. വസ്ത്രവ്യാപാരശാലകളിലും ജുവലറികളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർക്ക് ആശ്രയമായിരുന്നു ഈ ബസ്. ചെത്തിപ്പുഴ ആശുപത്രി, സെന്റ് ഗിറ്റ്‌സ് എൻജിനിയറിംഗ് കോളേജ്, ക്രിസ്തുജ്യോതി കോളേജ്, മീഡിയ വില്ലേജ്, കേന്ദ്ര ഹോമിയോ ഗവേഷണകേന്ദ്രം, ഹോമിയോ മെഡിക്കൽ കോളേജ് അടക്കമുള്ള പ്രധാനപ്പെട്ട സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത് ഈ റൂട്ടിലാണ്.