ചങ്ങനാശേരി : കറുകച്ചാലിലും സമീപപ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി ഇഴയുന്നു. കഴിഞ്ഞ മാർച്ച് 31 നു മുൻപ് പദ്ധതി യാഥാർത്ഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലാ പഞ്ചായത്ത് ആദ്യം 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീട് ഇത് 20 ലക്ഷം രൂപയാക്കി ഉയർത്തിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂമാക്കി പ്രധാന കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ജനുവരിയിൽ പ്രധാന കവലകളിലും കറുകച്ചാൽ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കുന്നതിനായി അധികൃതർ പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുത്തശേഷം മാർച്ച് 31 നു മുൻപ് പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
വ്യാപാരി വ്യവസായി ഏകോപനസമിതി, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാസ്‌കാരിക സംഘടനകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ പദ്ധതി വിപുലീകരിക്കാനും തീരുമാനിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർമ്മാണച്ചുമതലയെന്നും സാങ്കേതിക തടസങ്ങളാണ് വൈകാൻ ഇടയാക്കിയതെന്നും

മൂന്നു മാസത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നും ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല പറഞ്ഞു.