election-2019

കോട്ടയം: എന്നോ നടക്കാനിരിക്കുന്ന പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് മാണി സി കാപ്പനെ എൻ.സി.പി മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥിയാക്കിയതിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറി. എൻ.സി.പിയിലെ തർക്കത്തിനൊടുവിൽ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കുമെന്ന പ്രചാരണവും ഇതോടെ ശക്തം.

കെ.എം. മാണിയുടെ മരണത്തെ തുടർന്ന്‍ വരാനിരിക്കുന്ന ഉപതിഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ചൊല്ലി മാണി ഗ്രൂപ്പിൽ ഭിന്നത ഉടലെടുത്താൽ ശക്തനായ സ്ഥാനാർത്ഥിയെയോ പൊതു സ്വതന്ത്രനെയോ മത്സരിപ്പിച്ച് പാലാ സീറ്റ് പിടിച്ചെടുക്കാമെന്ന് സി.പി.എം മനസ്സിൽ കാണുന്നതിനിടയിലായിരുന്നു മാണി സി. കാപ്പന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെ സ്ഥാനാത്ഥിയെ പ്രഖ്യാപിച്ച എൻ.സി. പി നിലപാട് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി.പി.എം നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്നു.

കെ എം മാണി മത്സരിക്കുമ്പോൾ സാദ്ധ്യതയില്ലാത്ത സീറ്റ് എന്ന നിലയിലാണ് മുമ്പ് എൻ.സി.പിക്ക് പാലാ മണ്ഡലം ഇടതു മുന്നണി അനുവദിച്ചിരുന്നത്. മാണി മരണമടയുകയും, രാഷ്‌ട്രീയ സാഹചര്യങ്ങൾ മാറുകയും ചെയ്‌ത പശ്ചാത്തലത്തിൽ പാലായിൽ എൽ.ഡി.എഫിന് ജയസാദ്ധ്യത കൂടുതലാണെന്നും, മൂന്നുവട്ടം മാണിയോടു തോറ്റ കാപ്പൻ പോരെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.

എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി, ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ, വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ശശീന്ദ്രൻ എന്നിവരടങ്ങുന്ന പത്തംഗ തിരഞ്ഞെടുപ്പ് അതോറിറ്റി ചേർന്നാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ആ വഴക്കമൊക്കെ അവഗണിച്ചാണ് ബ്ലോക്ക് കമ്മിറ്റി ഏകപക്ഷീയമായി മാസി കി. കാപ്പന്റെ സ്ഥാനാർത്ഥിത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

അന്തരിച്ച ഉഴവൂർ വിജയനുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നേരത്തേ ആരോപണ വിധേയനായ സംസ്ഥാന ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരിയാണ് കാപ്പന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മയൂരിക്ക് ഇതിന് ആരും അനുവാദം നൽകിയിട്ടില്ലെന്ന് മാണി സി. കാപ്പനൊപ്പം നിൽക്കുന്ന സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പറഞ്ഞു. അത് ഏറ്റുപിടിച്ച് പാലായിലെ എൻ.സി.പി നേതാക്കളും രംഗത്തു വന്നു. യോഗത്തിന്റ മിനിറ്റ്സ് ഒപ്പിട്ടിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താൽപര്യമാണ് പ്രഖ്യാപനത്തിനു പിന്നിലെന്നും ഇവർ സംസ്ഥാന അദ്ധ്യക്ഷനോട് പരാതിപ്പെട്ടിട്ടുണ്ട്.

പീതാംബരൻ മാസ്റ്റർ ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കളും അതൃപ്‌തി അറിയിച്ചതോടെ പാലായിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി തോമസ് ചാണ്ടി രംഗത്തെത്തി. ഇതിനു പിന്നാലെ മാണി സി കാപ്പന്റെ വിശദീകരണവും വന്നു: "സ്ഥാനാർത്ഥിയെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബ്ലോക്ക് കമ്മിറ്റിയുടെ നിർദ്ദേശം അറിയിക്കുന്നതിനിടെ സുൽഫിക്കർ മയൂരിക്ക് നാക്കു പിഴച്ചാണ്."