കോട്ടയം: സമീപകാല ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന കോട്ടയത്ത് ഉറപ്പായും ജയിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ ആണയിടുന്നു. പോളിംഗ് ശതമാനം ഉയർന്നതും ചിട്ടയായ പ്രചാരണവും അനുകൂലമാകുമെന്ന് ഇടതു മുന്നണി പ്രതീക്ഷിക്കുമ്പോൾ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ജയിക്കുമെന്നാണ് എൻ.ഡി.എ.യുടെ മനോഗണിതം.
പ്രചാരണത്തിലെ മികവ് വോട്ടായെന്ന് ഉയർന്ന പോളിംഗ് ശതമാനം മുൻനിറുത്തി ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ.വാസവൻ പറയുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം, ഏറ്റുമാനൂർ, പിറവം, കോട്ടയം മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഉറപ്പ്. ഏറ്റുമാനൂരും വൈക്കത്തും വൻ ഭൂരിപക്ഷം കിട്ടും. യു.ഡി.എഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന കടുത്തുരുത്തിയിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞതും എൽ.ഡി.എഫിനു നേട്ടമാകും. പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിലും എതിർസ്ഥാനാർത്ഥി കൂടുതൽ ലീഡ് നേടുമെന്ന് കരുതുന്നില്ല. വിജയം ഉറപ്പാണെന്ന് പാർട്ടി തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ വാസവൻ പറഞ്ഞു.
ഒരു ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേരള കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുമ്പോൾ കണക്കുകൾ നിരത്തിയുള്ള അവകാശവാദത്തിനൊന്നും യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തയ്യാറാകുന്നില്ല . ജനാധിപത്യ വോട്ടുകളെല്ലാം പോൾ ചെയ്യിക്കാനായി. നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാഹൂൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. അതിന്റെ നേട്ടമുണ്ടാകും. മാണി സാറിന്റെ ഓർമയും വോട്ടർമാരെ സ്വാധീനിച്ചതായി ചാഴികാടൻ വിലയിരുത്തുന്നു.
കോട്ടയത്ത് നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ജയിക്കുമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസിന്റെ അവകാശവാദം. മികച്ച പ്രചാരണത്തിലൂടെ ശക്തമായ ത്രികോണ മത്സരത്തിലേക്ക് മണ്ഡലത്തെ എത്തിച്ചു. പിറവത്തും പാലായിലും പുതുപ്പള്ളിയിലും അടിയൊഴുക്കുകളുണ്ടായിട്ടുണ്ട്. ഇത് അനുകൂലമായേക്കും.
പോളിംഗ് ശതമാനം വച്ചുള്ള കണക്കുകൾക്ക് പ്രസക്തിയില്ലെന്നാണ് യു.ഡി.എഫ് ആശ്വാസം കൊള്ളുന്നത്. കൂടുതൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച കടുത്തുരുത്തിയിലും പാലായിലും പോളിംഗ് കുറഞ്ഞത് ചർച്ചയായിട്ടുണ്ട്.
എൽ.ഡി.എഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ് ഉയർന്ന പോളിംഗ്. വൈക്കത്ത് 79.47, ഏറ്റുമാനൂരിൽ 77. യു.ഡി.എഫ് എം.എൽഎമാരുടെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു കേന്ദ്രമായ വൈക്കത്ത് പോളിംഗ് കൂടിയിട്ടും യു.ഡി.എഫിലെ ജോസ് കെ മാണിക്കായിരുന്നു ലീഡ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താണ് നടന്നത്. ശബരിമല വിഷയത്തിന്റെ നേട്ടവും യു.ഡി.എഫിനുണ്ടായി. പ്രതീക്ഷിച്ച രീതിയിൽത്തന്നെയാണ് പ്രചാരണം മുന്നേറിയത്. പി.സി.തോമസ് വലിയ തോതിൽ വോട്ടു പിടിക്കില്ല. കണക്കുകൂട്ടലനുസരിച്ച് കുറഞ്ഞത് മുക്കാൽ ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ചാഴികാടൻ ജയിക്കും- തിരുവഞ്ചൂരിന്റെ വിലയിരുത്തൽ.
വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പിറവം മണ്ഡലങ്ങളിൽ ഇടതു മുന്നണി ലീഡ് പ്രതീക്ഷിക്കുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പറഞ്ഞു. പുതുപ്പള്ളി, പാലാ മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ ലീഡ് കുറയ്‌ക്കും. ചാനൽ സർവേകൾ ജനം പുച്ഛിച്ചു തള്ളും. കാൽ ലക്ഷത്തോളം വോട്ടിന് വാസവൻ ജയിക്കുമെന്നാണ് കണക്കാക്കുന്നത്.
കുറഞ്ഞത് ആയിരത്തോളം വോട്ടിനെങ്കിലും അട്ടിമറിജയം നേടുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയും അവകാശപ്പെടുന്നു. പി.സി.തോമസ് എത്ര വോട്ടു പിടിക്കുമെന്ന കണക്കുകൂട്ടലായിരുന്നു ആദ്യം കോട്ടയത്ത്. കൂടുതൽ പിടിച്ചാൽ അത് യു.ഡി.എഫ് വോട്ടുകളാകുമെന്നതിനാൽ ഇടതു സ്ഥാനാർത്ഥിക്ക് വിജയം കൽപ്പിച്ചിരുന്നു. പ്രചാരണത്തിനൊടുവിൽ കെ.എം.മാണിയുടെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗ വോട്ടുകളിലൂന്നിയായിരുന്നു യു.ഡി.എഫ് തന്ത്രം. അത് എത്രവരെയാകുമെന്ന് കണ്ടറിയണം.
കോട്ടയം പോളിംഗ്%
2014 - 71.60
2019 - 75.29
വർദ്ധന - 3.69%