പൊൻകുന്നം : നൂറുശതമാനം കളക്ഷനുമായി കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോ. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ഡിപ്പോയ്ക്ക് 414550 രൂപ നിരക്കിലാണ് വരുമാനം നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ നഷ്ടത്തിലായ ഡിപ്പോകൾ അടച്ച് പൂട്ടാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കിയിരുന്നു. കോർപറേഷൻ എം.ഡി വിളിച്ചു ചേർത്ത യോഗത്തിൽ പൊൻകുന്നം ഡിപ്പോയ്ക്കും കരകയറാൻ നിർദ്ദേശങ്ങൾ നൽകി.
കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ശരാശരി നൂറ് ശതമാനത്തിന് മുകളിലാണ് വരുമാനം. എറണാകുളം സെൻട്രൽ സോണിന് കീഴിൽ പ്രവർത്തിക്കുന്ന പൊൻകുന്നം ഡിപ്പോയ്ക്ക് വരുമാനത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞതായി എ.ടി.ഒ എസ്.രമേശ് പറഞ്ഞു. ജീവനക്കാരുടെ കൂട്ടായശ്രമഫലമാണ് ഈ നേട്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പൊൻകുന്നം ഡിപ്പോയിൽ രണ്ട് ജെന്റം സർവീസുകൾ ഉൾപ്പെടെ മുപ്പത്തിയാറ് സർവീസുകളാണുള്ളത്. 107 ഡ്രൈവർമാരാണ് ഡിപ്പോയിലുള്ളത്. ഇതിൽ മുപ്പത് പേർ ജോലി ക്രമീകരണത്തിന്റെ ഭാഗമായി മറ്റ് ഡിപ്പോകളിലാണ് ജോലി ചെയ്യുന്നത്. പൊൻകുന്നം ഡിപ്പോയുടെ സുഗമമായ പ്രവർത്തനത്തിന് 84 ഡ്രൈവർമാരും കണ്ടക്ടർമാരും വേണം. 36 സർവീസുകളിൽ 34 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ കഴിഞ്ഞാൽ മുഴുവൻ സർവീസുകൾ നടത്താനും അതുവഴി വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.