വൈക്കം: വൈക്കം ഡിപ്പോയ്ക്ക് വലിയ വരുമാനമുണ്ടാക്കി കൊടുക്കുന്ന സർവീസുകളിലൊന്നായ വൈക്കം - ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കത്തേക്കുറിച്ച് കേരളകൗമുദി ഏപ്രിൽ 26ന് റിപ്പോർട്ട് ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി പറഞ്ഞത് പോലെ വൈക്കം-ഗുരുവായൂർ സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എന്നാൽ സി.കെ. ആശ എം.എൽ.എ ഉടൻ ഇടപെട്ടതിനാൽ ബസ് വൈക്കം ഡിപ്പോയിലേക്ക് തന്നെ തിരിച്ചെത്തി.
വൈക്കം ഡിപ്പോയിൽ നിന്ന് ഏറെ ലാഭകരമായി ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാൻ അധികൃതർ രണ്ടാഴ്ച മുൻപ് നീക്കം നടത്തിയിരുന്നു. ബസ് കൊണ്ടു പോകുമ്പോൾ ആ റൂട്ട് തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിൽ എം.എൽ.എ ശക്തമായി എതിർത്തു. ചീഫ് ഓഫീസിൽ നിന്ന് ബസ് കൊണ്ടപോകാനുള്ള നടപടികൾ താത്കാലികമായി നിറുത്തി വച്ചെങ്കിലും എതിർപ്പുകൾ ശമിക്കമ്പോൾ ബസ് കൊണ്ടുപോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് ശനിയാഴ്ച ബസ് ഡിപ്പോയിൽ നിന്ന് കൊണ്ടുപോയി. അതോടെ വൈക്കം-ഗുരുവായൂർ ഷെഡ്യൂൾ തന്നെ ഇല്ലാതായി. തുടർന്ന് എം.എൽ.എ വകുപ്പ് മന്ത്രിയുമായും കെ.എസ്.ആർ.ടി.സി എം.ഡിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വൈക്കം ഗുരുവായൂർ സർവീസ് വീണ്ടും അനുവദിക്കുകയായിരുന്നു. വൈക്കം ഡിപ്പോയിൽ നിന്ന് ഗുരുവായൂർ സർവീസ് ഇന്ന് പുനരാരംഭിക്കും. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കൊടുങ്ങല്ലൂർ വഴിയാണ് ഇനി ഗുരുവായൂർ ബസ് പോവുക. നേരത്തേ അത് ആലുവ വഴിയായിരുന്നു. ഗുരുവായൂരിൽ നിന്ന് എം.സി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് കൊട്ടാരക്കര, കോട്ടയം വഴി രാത്രി തിരികെ വൈക്കത്തെത്തും.