കാഞ്ഞിരപ്പള്ളി: നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ മിഴിയടച്ചിട്ട് മാസങ്ങളായി. ആറരലക്ഷം രൂപ ചിലവഴിച്ച് നഗരത്തിലെ പതിനാറ് സ്ഥലങ്ങളിലാണ് നിരീക്ഷണകാമറകൾ സ്ഥാപിച്ചത്. ഉത്സവപ്രതീതി ജനിപ്പിച്ച ഉദ്ഘാടനമേളങ്ങൾക്കും വലിയ തുക ചെലവഴിച്ചു. ഉദ്ഘാടനത്തിനുശേഷം ക്യാമറകൾ ഓരോന്നായി മിഴിയടച്ചിട്ടും അധികൃതർ കണ്ടഭാവം നടിച്ചില്ല. ഇപ്പോൾ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുക,രാത്രികാലങ്ങളിലെ അനാശാസ്യ പ്രവർത്തികൾക്ക് അറുതിവരുത്തുക,മോഷണങ്ങൾ ഇല്ലാതാക്കുക ഇതൊക്കെയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നാട്ടുകാർക്ക് സുരക്ഷയുടെ കാര്യത്തിൽ കാമറ വലിയ അനുഗ്രഹമായിരുന്നു.കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് കാമറകൾ പ്രവത്തനരഹിതമാകാൻ കാരണമെന്ന് നഗരത്തിലെ വ്യാപാരികൾ പറഞ്ഞു. കാമറകളുമായുള്ള കേബിൾ ബന്ധങ്ങളും പലയിടത്തും തകരാറിലായി. കാമറകൾ മിഴിയടച്ചതോടെ നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും വർദ്ധിച്ചു. ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയാണ് കാമറകൾ സ്ഥാപിച്ചത്. കാമറകളിനിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും പൊലീസ് സ്റ്റേഷനിൽ ലഭ്യമായിരുന്നു. ദൃശ്യങ്ങൾ റിക്കാർഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.