ഉദയനാപുരം : വല്ലകം വളവിൽ അപകടങ്ങൾ തുടർക്കഥ. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 28 ഓളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വ്യത്യസ്ത അപകടങ്ങളിൽ 20 ഓളം പേർക്ക് പരിക്കൽക്കുകയും 3 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 23ന് മറ്റൊരു വാഹനത്തിന് വളവിൽ സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഗുരുതരമായി പരിക്കേറ്റ്ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശി സെബിൻ തോമസ് (20) കഴിഞ്ഞദിവസം മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഗതാഗതതിരക്കേറിയ വൈക്കം - തലയോലപ്പറമ്പ് റോഡിലെ വല്ലകം വളവ് വാഹന യാത്രക്കാർക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. അപകടങ്ങൾ ഇവിടെ സംഭവിക്കുമ്പോൾ പലരും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കൊടിയ വളവിൽ വാഹനങ്ങൾ നേർക്ക്നേർ വരുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. വലിയ വാഹനങ്ങൾ വേഗത്തിൽ വളവ് വീശി എടുക്കുമ്പോൾ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണം ശക്തമാണ്. കൊടിയ വളവിൽ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും വളവ് നിവർത്തുന്നതിനോ സുരക്ഷാസംവിധാനം ഒരുക്കുന്നതിനോ അധികൃതർ തയ്യാറാകാത്തതാണ് അപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊടും വളവ് അപകടമേഖലയായി പ്രഖ്യാപിച്ച് അപകട സൂചനാ ബോർഡുകളും ഡിസൈനർ ലൈനിംഗ്, ഇരുവശങ്ങളിലും റിഫ്ലക്ടർ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണമെന്നും വളവ് നിവർത്തി വീതി കൂട്ടി റോഡ് നിർമ്മിക്കണമെന്നും ആവശ്യം ശക്തമാണ്.
* വാഹനങ്ങൾ കാണാൻ കഴിയുന്നത് നേർക്ക്നേർ വരുമ്പോൾ
* വളവ് നിവർത്തി വീതികൂട്ടി റോഡ് നിർമ്മിക്കണമെന്ന് ആവശ്യം
*ഡിവൈഡർ ലൈനിംഗ്, റിഫ്ലക്ടർ, സ്പീഡ് ബ്രേക്കർ ഉൾപ്പടെയുള്ള സുരക്ഷാസംവിധാനം സ്ഥാപിക്കണം