കോട്ടയം: എക്‌സൈസ് സംഘത്തെ ആക്രമിച്ചത് അടക്കം നിരവധി കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ സ്വദേശി ഒരു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. തിരുവഞ്ചൂർ പുത്തൻപുരയ്‌ക്കൽ വീട്ടിൽ സിബി മാത്യുവി(42)നെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി അനൂപും സംഘവും ചേർന്ന് പിടികൂടിയത്.
എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം ആക്രമണം നടത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് സിബി. കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ച ശേഷം സിബി ഗുണ്ടാ സംഘങ്ങൾക്കും, സ്‌കൂൾ വിദ്യാർത്ഥികൾക്കും വൻതോതിൽ കഞ്ചാവ് വിൽക്കുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പ്രതിയ്‌ക്കായി എക്‌സൈസ് സംഘം തിരിച്ചിൽ ആരംഭിച്ചത്. കമ്പത്തു നിന്നും കഞ്ചാവ് എത്തിക്കുന്ന ദിവസം തിരിച്ചറിഞ്ഞ എക്‌സൈസ് സംഘം കാത്തിരുന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രിവന്റീവ് ആഫീസർ , ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ആഫീസർമാരായ അഞ്ചിത്ത് രമേശ്, കെ.എൻ അജിത്ത് കുമാർ, ബിനോയി ഇ.വി എന്നിവർ പ്രതിയുടെ ഒളിത്താവളം വളഞ്ഞു. ഇതോടെ ഇവർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം രക്ഷപെടാനായി പ്രതിയുടെ ശ്രമം. തുടർന്ന് സാഹസികമായി എക്‌സൈസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച പ്രതി പൊലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. കിടങ്ങൂർ അയർക്കുന്നം ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. കിടങ്ങൂരുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.