കോട്ടയം : സ്വകാര്യബസുകളിലെ ഡ്രൈവിംഗ് സീറ്റിൽ ചോരത്തിളപ്പ് തീർക്കുന്ന ഡ്രൈവർമാർ നിരത്തുകളെ കുരുതിക്കളമാക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ജില്ലയിൽ സ്വകാര്യ ബസുകൾ ഉൾപ്പെട്ട 63 അപകടങ്ങളാണുണ്ടായത്. ഇതിൽ 80 ശതമാനം ഡ്രൈവർമാരും യുവാക്കളായിരുന്നു. കഴിഞ്ഞ ദിവസം തിരുനക്കര ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത് ഒരു ദിവസത്തേയ്‌ക്ക് വളയം പിടിക്കാനെത്തിയ താത്കാലിക ഡ്രൈവറായിരുന്നു.

കളക്ഷനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടതും ചോരത്തിളപ്പുള്ളവരെയാണ്. ജില്ലയിൽ 1200 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഡ്രൈവർമാരിൽ 90 ശതമാനവും യുവാക്കളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ സ്വകാര്യ ബസുകൾ അപകടത്തിൽപ്പെട്ട് 17 യാത്രക്കാരാണ് മരിച്ചത്. 423 പേർക്ക് പരിക്കേറ്റു. 77 ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു.

ഓടിക്കാൻ ആളില്ല

സ്വകാര്യ ബസുകളിൽ സ്ഥിരമായി ജോലി ചെയ്യാൻ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. മാന്യമായ തൊഴിലല്ലെന്ന ചിന്തയാണ് പലർക്കും. ആയിരം രൂപയിലധികം ഒരു ദിവസം നൽകിയാലും ഡ്രൈവർമാരെ ലഭിക്കുന്നില്ല. അപകടത്തിന് ശേഷം നടത്തുന്ന പരിശോധനകൾ നിരപരാധികളായ ജീവനക്കാർക്ക് പീഡനങ്ങളായി മാറുന്നുണ്ടെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് അറിയിച്ചു.

തിരുനക്കരയിൽ പ്രത്യേക പരിശോധന

തിരുനക്കര ബസ് സ്റ്റാൻഡിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാൻഡ് കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുണ്ടാകും. കൂടാതെ ബസ് സ്റ്റോപ്പുകളിൽ കാമറയുമായി മോട്ടോർ വാഹനവകുപ്പിന്റെ ഷാഡോ നിരീക്ഷണ സംഘവുമുണ്ട്. എൻഫോഴ്സ‌മെന്റിന്റെ രണ്ടു വാഹനങ്ങൾ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ മാത്രം നഗരത്തിൽ 24 മണിക്കൂറും ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. വി.എം. ചാക്കോ അറിയിച്ചു.

ഡ്രൈവർക്കെതിരെ മനപൂർവ നരഹത്യ

തിരുനക്കരയിൽ അപകടത്തിൽ മരിച്ച തോട്ടയ്ക്കാട് കോവൂർ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി - 47)യുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. അപകടത്തിനിടയാക്കിയ പുല്ലത്തിൽ ബസിന്റെ ഡ്രൈവർക്കെതിരെ മനപൂർവ നരഹത്യയ്‌ക്ക് കേസെടുത്തു. അശ്രദ്ധമായി ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഡ്രൈവറുടെ ലൈസൻസ് സ‌സ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു. പരിശോധനയിൽ ബസിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.