തലയോലപ്പറമ്പ് : മുളക്കുളം ഗ്രാമപഞ്ചായത്തിലെ അവർമയിൽ നിന്നും ചളുവേലി വഴി കണ്ണങ്കേരിക്കുന്ന് ഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നൂറ് കണക്കിന് യാത്രക്കാരും നിരവധി വാഹനങ്ങളും നിത്യേന കടന്ന് പോകുന്ന റോഡിൽ നിലവിൽ കാൽനട യാത്ര പോലും അസാദ്ധ്യമാണ്. വർഷങ്ങളായി ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും തകരാർ സംഭവിക്കുന്നതും പതിവാണ്. കഴിഞ്ഞ 6 മാസത്തിനിടെ 20 ഓളം അപകടങ്ങളാണ് ഇവിടെ നടന്നത്. റോഡിലെ വൻകുഴികളിൽ ചാടി ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നത്. റോഡ് നന്നാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ പലവട്ടം സമീപിച്ചെങ്കിലും പരിഹരിക്കാമെന്ന മറുപടിയല്ലാതെ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ എങ്കിലും നടത്തിയാൽ റോഡിന്റെ ശോച്യാവസ്ഥക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെങ്കിലും പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതർ ഇത് കണ്ടില്ലെന്ന മട്ടിലാണ്. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന റോഡിന്റെ ദുരവസ്ഥയ്ക്ക് അദ്ധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പെങ്കിലും പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാണ്. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ ആവിക്ഷ്ക്കരിക്കുവാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ .