കോട്ടയം : ഫസ്റ്റ് ബെൽ മുഴങ്ങാൻ ഒരുമാസമുണ്ടെങ്കിലും ജില്ലയിലെ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ റെഡിയായി. മുൻവർഷങ്ങളിലേതു പോലെ പുസ്‌തകങ്ങളില്ലെന്ന ആക്ഷേപം ഇക്കുറി കേൾക്കേണ്ടി വരില്ല. ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്‌തകങ്ങളും സ്‌കൂളുകളിൽ എത്തിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്‌തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴി രണ്ടു ഘട്ടമായിട്ടാണ് ജില്ലയിൽ പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ളാസുകളിലെ പുസ്‌തകങ്ങളാണ് ആദ്യമെത്തിയത്. തുടർന്ന് എട്ടു വരെയുള്ള ക്ലാസുകളിലേതും. അടുത്ത ആഴ്‌ച 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പുസ്‌തകങ്ങൾ എത്തും. ഇവ പൊൻകുന്നത്തെ ബുക്ക് ഡിപ്പോയിലാണ് ആദ്യം എത്തിക്കുക. തുടർന്ന് സ്കൂളുകൾക്ക് കൈമാറും. 13 വിദ്യാഭ്യാസ ഉപജില്ലകളിലെ 249 ജില്ലകളിലെ സൊസൈറ്റികളിലാണ് പുസ്‌തകങ്ങൾ എത്തിച്ചിരിക്കുന്നത്.
മാർച്ച് അവസാന ആഴ്ച തന്നെ പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള പുസ്തക വിതരണം ആരംഭിച്ചിരുന്നു. വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമും ഈയാഴ്ച എത്തും. സർക്കാർ സ്‌കൂളുകളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്ഡഡ് മേഖലയിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്കുമാണ് സൗജന്യ യൂണിഫോം ലഭിക്കുക. ഹാൻടെക്‌സാണ് ജില്ലയിൽ കൈത്തറി തുണി എത്തിക്കുന്നത്. ഓരോ സ്‌കൂളിന്റെയും കളർകോഡിന് അനുസരിച്ചു തുണി എ.ഇ.ഒമാരെ ഏൽപ്പിക്കും. തുടർന്ന് സ്‌കൂളുകളിൽ നൽകും.