കോട്ടയം : പൊരിവെയിലിലും ആവേശം കൈവിടാതെ ജില്ലാ നഴ്‌സസ് കായികമേള. എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന മത്സരത്തിൽ ജില്ലയിലെ 8 0ലധികം സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്‌സുമാർ പങ്കെടുത്തു. രണ്ടുവിഭാഗമായി തിരിച്ചും (45വയസിന് മുകളിലും താഴെയും), സർക്കാർ-സ്വകാര്യ നഴ്‌സിംഗ് കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കുമായാണ് മത്സരം സംഘടിപ്പിച്ചത്. ഡിസ്‌കസ്‌ത്രോ, ജാവ്‌ലിൻത്രോ, 100മീ. 200മീ ഓട്ടം, റിലേ, ഷോട്ട് പുട്ട്, സ്പൂൺ നാരങ്ങ, മെഴുകുതിരി കത്തിച്ച് ഓട്ടം എന്നിങ്ങനെയായിരുന്നു മത്സരങ്ങൾ.

കോട്ടയം ഗവ. സ്‌കൂൾ ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ബി.ഷൈല കായികമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ല നഴ്‌സിംഗ് ഓഫീസർ ഉഷ രാജഗോപാൽ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. കലാമത്സരം നാളെ രാവിലെ 10 മുതൽ ഗവ. സ്‌കൂൾ ഒഫ് നഴ്‌സിംഗ് ഹാളിൽ നടക്കും. നഴ്സസ് വാരാഘോഷത്തിന് സമാപനം കുറിച്ച് 12 ന് റാലിയും പൊതുസമ്മേളനവും നടക്കും. രാവിലെ 8 ന് ജില്ലാ ആശുപത്രി അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിക്കും. തുടർന്ന് ചേരുന്ന സമ്മേളനം ജില്ലാ കളക്ടർ പി.കെ. സുധീർബാബു ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിക്കും.