വൈക്കം : ഉദയനാപുരം മുണ്ടുകാട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട് എതിരേല്പിനിടെ ആന ഇടഞ്ഞ് പാപ്പാൻ ഉൾപ്പടെ 3 പേർക്ക് പരിക്ക്. ഇടഞ്ഞോടിയ ആന ചതുപ്പിൽ വീണു. പാപ്പാൻമാരായ കാഞ്ഞിരപ്പള്ളി സ്വദേശി ജോമോൻ(45), പൂഞ്ഞാർ സ്വദേശി അജീഷ്(35), ഉദയനാപുരം മുണ്ടുകാട് ഓമന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ആനയുടെ കാൽ റോഡിലെ കുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിരണ്ട് ഓടുകയായിരുന്നു. പുറകിലത്തെ കാലിൽ കൂച്ചുവിലങ്ങ് ഉണ്ടായിരുന്നതിനാൽ ആനക്ക് ചെളിയിൽ നിന്ന് കയറാൻ കഴിഞ്ഞില്ല. ഉടമസ്ഥനെത്തി ആനയെ അനുനയിപ്പിച്ച ശേഷം നാട്ടുകാരും, അഗ്‌നിരക്ഷാസേനയും ചേർന്ന് വടം കെട്ടി ആനയെ കരയ്ക്ക് കയറ്റി.