railway-bridge

കുറുപ്പന്തറ : ഒരു വർഷം മുൻപ് ആരംഭിച്ച മാഞ്ഞൂർ മേൽപ്പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഇരട്ടപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി പഴയ പാലം പൊളിച്ചിരുന്നു. മേൽപ്പാലം പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. എന്നാൽ റെയിൽവേ മേൽപ്പാല ത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റടുക്കൽ നടപടി പോലും ഇതു വരെ പൂർത്തിയായിട്ടില്ല. ഇതു മൂലം പ്രദേശവാസികൾ ഏറെ വലയുന്നു. പാലം പണി പൂർത്തിയാക്കാത്തതുമൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വിദ്യാർത്ഥികളും പ്രായമായവരുൾപ്പെടെ മറ്റിടങ്ങളിലേക്ക് പോകുന്നതിനായി റെയിൽപാത കടന്നു വേണം ബസ് സ്റ്റോപ്പിൽ എത്താൻ. ഇരട്ടപ്പാതയിലൂടെ ട്രെയിൻ ഒാടിത്തുടങ്ങിയതോടെ ഇത് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കുട്ടികളും ബധിരരും ഒക്കെ റെയിൽപ്പാത ക്രോസ്സ് ചെയ്തു പോകുന്നത് ഏറെ അപകടഭീതിയും ഉയർത്തുന്നുണ്ട്.

ഈ പാലം പണി പൂർത്തിയായാൽ മള്ളിയൂർ, വെച്ചൂർ, ചേർത്തല, കല്ലറ ഭാഗത്തേക്ക് ഇതുവഴി വളരെ പെട്ടന്ന് എത്തുവാൻ സാധിക്കുമായിരുന്നു. ഇതോടെ വാഹനയാത്രക്കാർ രണ്ട് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. അദ്ധ്യയനവർഷമായാൽ നിരവധി കുട്ടികൾ റെയിൽപാത കടന്നുവേണം സ്കൂളുകളിൽ എത്താൻ. ഇത് മാതാപിതാക്കളിൽ ഭീതിയും ഉയർത്തുന്നുണ്ട്.

എത്രയും പെട്ടെന്ന് റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.