കോട്ടയം : നഗരമദ്ധ്യത്തിലെ കെട്ടിടത്തിന്റെ നാലാം നിലയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ. കൊലനടത്തിയ ശേഷ ബംഗളൂരുവിലേയ്‌ക്ക് കടന്ന ബംഗാൾ ജയ്‌പാൽ ഗുരിസ്വദേശി അപ്പു റോയിയെ (26) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. ഇയാളുടെ സുഹൃത്തായ പുഷ്‌പനാഥ് സൈബിയാണ് (പുഷ്‌പകുമാർ) കൊല്ലപ്പെട്ടതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം. ടി.ബി ജംഗ്ഷനിലെ ലക്ഷ്യ അക്കാഡമിയുടെ നാലു നില കെട്ടിടത്തിലാണ് യുവാവിനെ നെഞ്ചിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാത്തതിനാൽ അന്വേഷണം നീണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് എരുമേലിയിൽ നിന്നു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായതായുള്ള പരാതി ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എരുമേലിയിൽ നിന്നു കാണാതായ പുഷ്‌പകുമാർ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.
പുഷ്‌പകുമാർ മൂന്നു വർഷമായി എരുമേലിയിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയാണ്. കൊല്ലത്തെ ജോലി സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് പണി നഷ്‌ടമായ അപ്പു മൂന്നു മാസം മുൻപാണ് ജില്ലയിൽ എത്തിയത്. പാലായിലെ തൊഴിലിടത്ത് വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. ഇടയ്‌ക്ക് എരുമേലിയിൽ എത്തിയപ്പോൾ, നാലു ലക്ഷം രൂപ തന്റെ അക്കൗണ്ടിലുണ്ടെന്നും, ഇനി പണി നിറുത്തി തിരികെ ബംഗാളിലേയ്‌ക്ക് പോകുകയാണെന്നും പുഷ്‌പകുമാർ അപ്പുവിനോടു പറഞ്ഞു.
സ്ഥിരമായി ഒരിടത്തും ജോലിയ്‌ക്ക് നിൽക്കാത്ത അപ്പു ഈ പണം തട്ടിയെടുക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് പുഷ്‌പകുമാറിനെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചു. ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പുഷ്‌പകുമാറിന്റെ ഫോണും പഴ്‌സും തിരിച്ചറിയൽ രേഖകളും കവർന്ന ശേഷം പ്രതി സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ഇതിനിടെ എ.ടി.എം കാർഡ് ഉപയോഗിച്ച് രണ്ടു ലക്ഷത്തോളം രൂപ കൈക്കലാക്കി. ആക്രമണത്തിനിടെ വലത് കൈയ്‌ക്കു പരിക്കേറ്റ അപ്പു ബംഗളൂരുവിലെ ആശുപത്രിയിൽ എത്തി ശസ്ത്രക്രിയ നടത്തി. കുത്താൻ ഉപയോഗിച്ച കത്തി കോട്ടയത്ത് ഉപേക്ഷിച്ചിരുന്നു.
അന്വേഷണസംഘത്തിൽ ഇവർ
ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബംഗളൂരു വൈറ്റ് ഫീൽഡിൽ നിന്നു ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്ത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, കെ.എസ് അഭിലാഷ്, അരുൺകുമാർ, സജമോൻ ഫിലിപ്പ്, സൈബർ സെല്ലിലെ ഉദ്യോഗസ്ഥനായ ജോർജ്, വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രാധാകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ജില്ലയിൽ എത്തിച്ച് ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.