കോട്ടയം : മലങ്കരസഭയിൽ സമാധാനം പുലരണമെന്ന ആഹ്വാനവുമായി ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്കു കുരിശിന്റെ വഴി നടത്തുമെന്നു സഭാ സമാധാന ജനകീയ സമിതി പത്രസമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെ, ഇതിനു നേതൃത്വം നൽകിയ ഓർത്തഡോക്‌സ് സഭാംഗമായ കൊല്ലം പണിക്കരെ, സഭാ വിശ്വാസികൾ പ്രസ് ക്ലബിനു മുന്നിൽ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോട്ടയം പ്രസ്ക്ലബിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജനകീയസമിതി നേതാക്കളായ കൊല്ലം പണിക്കർ, ഡീക്കൻ തോമസ് കൈയത്ര, സുരേഷ് ജയിംസ് വഞ്ചിപ്പാല, ഫാ. കുര്യാക്കോസ് കടവുംഭാഗം എന്നിവരാണു പത്രസമ്മേളനത്തിൽ പങ്കെടുത്തത്. ഓർത്തഡോക്‌സ് സഭാ നേതൃത്വമാണ് സമാധാന ശ്രമങ്ങൾക്കു തടസം നിൽക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. ദേവാലയങ്ങൾ ആക്രമിക്കുന്നതും വിശ്വാസികൾ തമ്മിലടിക്കുന്നതും നിറുത്തണമെന്നാവശ്യപ്പെട്ടാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനം നടത്തി പുറത്തിറങ്ങിയ കൊല്ലം പണിക്കരെ ഓർത്തഡോക്‌സ് സഭാ വൈദിക സെക്രട്ടറി ഫാ.പി.കെ. കുര്യാക്കോസ് പണ്ടാരക്കുന്നേലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്.

മാദ്ധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് പണിക്കർ എത്തിയതെന്നു ഫാ.കുര്യാക്കോസ് ആരോപിച്ചു. കുരിശിന്റെ വഴി കോട്ടയത്തു ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞു പൊലീസും സ്ഥലത്തെത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകർ ഇടപെട്ട് കൊല്ലം പണിക്കരെ തിരിച്ചയച്ചു. നാളെ രാവിലെ 10.30 ന് ലോഗോസ് സെന്ററിൽ നിന്നു ദേവലോകത്തേയ്ക്കു കുരിശിന്റെ വഴി ആരംഭിക്കും. മുൻ എം.പി. സ്‌കറിയ തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഐഫാ ദേശീയ ചെയർമാൻ അഡ്വ. ബിനോയ് തോമസ് പ്രസംഗിക്കും.