കോട്ടയം: കേരള കോൺഗ്രസ് (എം) ഭരണഘടന പ്രകാരം അടുത്ത ചെയർമാനാകേണ്ടത് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫാണെന്ന് മോൻസ് ജോസഫ് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. വൈസ് ചെയർമാൻ ജോസ് കെ. മാണിയെ ചെയർമാനാക്കാനുള്ള നിക്കം ശക്തി പ്രാപിക്കുന്നതിനിടയിലാണ് മോൻസ് ജോസഫിന്റെ പ്രതികരണം.
'കെ.എം. മാണി ജീവിച്ചിരുന്നപ്പോൾ പാർട്ടിയോഗങ്ങളിൽ അദ്ധ്യക്ഷനായിരുന്നത് പി.ജെ. ജോസഫായിരുന്നു. ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് അദ്ധ്യക്ഷ സ്ഥാനം വഹിക്കേണ്ടത്. അടുത്ത സ്ഥാനം ഡെപ്യൂട്ടി ചെയർമാനും. അതിനും താഴെയാണ് വൈസ് ചെയർമാന്റെ സ്ഥാനം. ജോസഫ് വിഭാഗം മാണി ഗ്രൂപ്പിൽ ലയിക്കുമ്പോൾ സി.എഫ്. തോമസായിരുന്നു മാണി ഗ്രൂപ്പ് ചെയർമാൻ. സംയുക്ത കേരള കോൺഗ്രസ് ചെയർമാനും ലീഡറും കെ.എം. മാണിയായപ്പോൾ ജോസഫിനെ വർക്കിംഗ് ചെയർമാനും സി.എഫ്. തോമസിനെ ഡെപ്യൂട്ടി ചെയർമാനുമാക്കി. പി.സി. ജോർജ് വിഭാഗം കേരള കോൺഗ്രസിൽ ലയിച്ചപ്പോൾ ജോർജിന് വൈസ് ചെയർമാൻ സ്ഥാനം നൽകി. ജോർജിനെ പുറത്താക്കിയ ഒഴിവിലാണ് ജോസ് കെ. മാണി വൈസ് ചെയർമാനായത്. 27ന് നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുക്കണം. കെ.എം. മാണി വഹിച്ചിരുന്ന പാർട്ടി ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനങ്ങളിലെ ഒഴിവു നികത്തണം. പാർട്ടിയിൽ തുറന്ന ചർച്ച നടത്തി പൊതു ധാരണ ഉണ്ടാക്കിയ ശേഷം മതി ഇനി യോഗമെന്നാണ് ഞങ്ങളുടെ തീരുമാനം. പാലാ ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയാകണമെന്ന കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ. അതിന് ശേഷം കൂട്ടായ ചർച്ചയിലൂടെ സ്ഥാനാർത്ഥിയെ തീരുമാനിക്കണം'- മോൻസ് ജോസഫ് പറഞ്ഞു.
മൂന്നു സമിതിയിലും മാണി
വിഭാഗത്തിന് ഭൂരിപക്ഷം
ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടത് പാർലമെന്ററി പാർട്ടി യോഗവും. ഉന്നതാധികാര സമിതിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ ചേർന്നാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത്. മൂന്നു സമിതിയിലും മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. മാണിയുടെ മരണത്തോടെ എം.എൽ.എമാരുടെ എണ്ണം ആറിൽ നിന്ന് അഞ്ചായി. മാണി വിഭാഗത്തിലുള്ള മൂന്നു എം.എൽ.എമാരിൽ ഒരാൾ ജോസഫിനായി കൈ ഉയർത്തിയാൽ ഭൂരിപക്ഷം മാറും. ഇരു വിഭാഗങ്ങളും ആളെ കൂട്ടാനുള്ള ശ്രമത്തിലാണ്.
പാർട്ടി നിയന്ത്രണം കൈയിൽവരുന്ന രണ്ട് സ്ഥാനങ്ങളും വഹിച്ചിരുന്നത് കെ.എം. മാണിയായിരുന്നതിനാൽ ഒരു സ്ഥാനവും ജോസഫിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് മാണി ഗ്രൂപ്പിലെ പ്രബല വിഭാഗം. രണ്ടു സ്ഥാനങ്ങളിലൊന്ന് നൽകുന്നില്ലെങ്കിൽ ജോസഫ് ഇടയും. ഒത്തുതീർപ്പിന് മാണിയെപ്പോലൊരാളില്ലാത്ത സാഹചര്യത്തിൽ അത് പിളർപ്പിന് വഴിമരുന്നുമിടും.