കുറുപ്പന്തറ : ഏറ്റുമാനൂർ - വൈക്കം റോഡിൽ കുറുപ്പന്തറ കവലയിൽ വളവിന് സമീപം മാലിന്യങ്ങളാൽ നിറഞ്ഞു കിടക്കുകയാണ്. ദുർഗന്ധവും മാലിന്യങ്ങളും കൊണ്ട് പൊറുതിമുട്ടുകയാണ് കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ അജൈവ മാലിന്യങ്ങളുടെ കൂമ്പാരമാണിവിടം. പച്ചക്കറി കടകളിൽ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും മദ്യത്തിന്റെ കുപ്പികളും നിക്ഷേപിക്കുന്നതിനുള്ള ഇടമായി ഇവിടം മാറിയിട്ടുണ്ട്. വ്യാപാര ശാലകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇവ ഭക്ഷിക്കാനായി തെരുവുനായ്ക്കളും കാക്കകളും ഇവിടെ തമ്പടിക്കുന്നുമുണ്ട്. കാക്കകൾ ഈ മാലിന്യങ്ങൾ റോഡിലേയ്ക്ക് കൊണ്ടിടുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതോടെ കാൽ നടയാത്രക്കാർ മാലിന്യത്തിൽ ചവിട്ടിനടക്കേണ്ട സ്ഥിതിയാണുള്ളത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളും കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്. സന്ധ്യമയങ്ങിയാൽ ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ഇതോടൊപ്പം ഈ ഭാഗത്തെ ഭുരിഭാഗം ഒാടകൾക്കും മൂടിയില്ലാ. ഇവ കാട് മൂടിയ നിലയിലുമാണ്. ഇത് കാൽനട യാത്രക്കാർക്ക് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. റോഡിന് സമീപത്തായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ അധികൃതർ നടപടിയെടുക്കുകയും പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു.