mani
പ്രതിഛായ വിവാദ ലേഖനം

കോട്ടയം: കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനെയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന ലേഖനം വിവാദമായി. ലേഖനത്തിലെ ആരോപണങ്ങൾ ജോസഫ് നിഷേധിച്ചു. ലേഖനം പാർട്ടിയിൽ ചർച്ചചെയ്തിട്ടില്ലെന്നു മോൻസ് ജോസഫും വ്യക്തമാക്കി.

പുതിയ ചെയർമാനെ തിരഞ്ഞെടുക്കും മുമ്പേ ജോസഫിനെതിരെ പാർട്ടി മുഖപത്രത്തിൽ ലേഖനം വന്നത് ഗൂഢാലോചനയെന്ന പ്രചാരണം ഇതോടെ ശക്തമായി. 'ബാർ കോഴ വിവാദം സത്യവും മിഥ്യയും' എന്ന പേരിൽ കേരള കോൺഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരദ്ധ്യായമാണ് പ്രതിച്ഛായയിൽ ലേഖനമായി വന്നത്.

'ലേഖനം ഗൗരവതരം, ഇതേക്കുറിച്ച് അന്വേഷിക്കു'മെന്ന് മാണി വിഭാഗത്തിനൊപ്പം നിൽക്കുന്ന ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസ് പ്രതികരിച്ചു. 'പാർട്ടി നിലപാടല്ല ലേഖനത്തിലുള്ളത്. ലേഖനം വന്ന സാഹചര്യം പരിശോധിക്കു'മെന്ന് ജോസ് കെ. മാണിയും വ്യക്തമാക്കി.

വിവാദ ലേഖനകർത്താവായ പ്രതിച്ഛായ പത്രാധിപർ ഡോ. കുര്യാസ് കുമ്പളക്കുഴി ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വസ്തനായതിനാൽ പാർട്ടിയുടെ അറിവോടെയല്ലെന്ന വാദം ജോസഫ് വിഭാഗം അംഗീകരിക്കുന്നില്ല. ജോസ് കെ. മാണിക്കെതിരെ പോർമുഖം ശക്തമാക്കാൻ വിവാദ ലേഖനം ഉയർത്തിക്കാട്ടാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

ലേഖനത്തിൽ പറയുന്നത്

ബാർ കോഴ അന്വേഷണം നീട്ടിക്കൊണ്ടു പോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജിവയ്ക്കാമെന്ന മാണിയുടെ നിർദ്ദേശം ജോസഫ് അംഗീകരിച്ചില്ല. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല 45 ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പു തന്നു. എന്നാൽ അന്വേഷണം നീണ്ടു പോയതോടെ 'എന്നെ ജയിലിലടയ്ക്കാനാണോ നീക്കമെന്ന് ' മാണി പൊട്ടിത്തെറിച്ചു. മന്ത്രിസ്ഥാനം രാജി വച്ച് പുറത്തു നിന്ന് യു.ഡി.എഫിനെ പിന്തുണയ്ക്കാമെന്നുള്ള മാണിയുടെ നിർദ്ദേശം തള്ളിയ ജോസഫ് രാജിവയ്ക്കാതിരുന്നത് ദുരൂഹമാണ്. തരം കിട്ടിയാൽ മാണിയെ തകർക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. "കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ" എന്നാണ് ഇത്തരക്കാരെ മാണി വിശേഷിപ്പിച്ചിരുന്നതെന്നും ലേഖനത്തിലുണ്ട്.