വൈക്കം : വൈക്കം - വെച്ചൂർ റോഡ് വീതികൂട്ടി, ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കും. സി.കെ.ആശ എം. എൽ. എ. പൊതുമരാമത്ത് ചീഫ് എൻജിനീയറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ നടപടിയായത്. ഇനി ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിച്ച് പി. ഡബ്ല്യൂ. ഡി സർക്കാരിന് നൽകാനും തുടർന്ന് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങും. രണ്ട് തരത്തിലാണ് സ്ഥലമേറ്റെടുക്കാൻ കഴിയുക. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചാണെങ്കിൽ സർക്കാരിന് ഒരു വില നിശ്ചയിച്ച് ഏകപക്ഷീയമായി ഏറ്റെടുക്കാം. അതിൽ പിന്നെ വില പേശലുകളുണ്ടാവില്ല. ഉടമയെ വിളിച്ചുവരുത്തി വിലപേശി, വില നിശ്ചയിച്ച് ഏറ്റെടുക്കുന്നതാണ് മറ്റൊരു രീതി. സ്ഥലമുടമകൾക്ക് അർഹമായ വില കിട്ടുക ഈ രീതിയിൽ സ്ഥലമേറ്റെടുക്കുമ്പോഴാണ്. ഉടമയുമായി സംസാരിച്ച് ന്യായമായ വില നൽകി സ്ഥലം ഏറ്റെടുക്കണമെന്ന് എം. എൽ. എ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ ടെണ്ടർ നടപടികളിലേക്ക് കടക്കും. 14 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിനായി 97.3 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ് ബി അംഗീകാരം നൽകിയിട്ടുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വൈക്കം - വെച്ചൂർ റോഡ് വീതികൂട്ടി പുനർ നിർമ്മിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. 2016 ലെ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ ഒരു സമയം ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രം വീതിയുള്ള അഞ്ചുമന പാലത്തിന്റെ പുനർനിർമ്മാണവും സ്ഥലമേറ്റെടുക്കലുമടക്കമാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകം, ആലപ്പുഴ, ചേർത്തല, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളാണ് ഈ റോഡിനെ പ്രധാനമായും ആശ്രയിക്കുന്നത്. വെച്ചൂർ വഴി കുമരകം, കോട്ടയം റോഡ് യാഥാർത്ഥ്യമായി പതിറ്റാണ്ടുകൾക്കുള്ളിൽ വാഹനങ്ങൾ പലമടങ്ങായി വർദ്ധിച്ചു. പക്ഷേ റോഡിന് വീതിയോ നിലവാരമോ കൂടിയിരുന്നില്ല. അതുകൊണ്ടുതന്നെ വാഹനഗതാഗതം ദുർഘടവും അപകടം നിറഞ്ഞതുമായ റോഡായി വൈക്കം - വെച്ചൂർ റോഡ് മാറിയിരുന്നു.