vella

പാലാ : തൊഴിലുറപ്പിനെക്കാൾ ഈഴവസമുദായത്തിന് ആവശ്യം അധികാര ഉറപ്പാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമുദായത്തിൽ കുറെ തൊഴിലുറപ്പ് ആളുകളെ മാത്രം സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. ഭരണത്തിൽ പങ്കാളിത്തം കിട്ടണം. വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമല്ല സമുദായമെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് രാമപുരത്ത് സംഘടിപ്പിച്ച ഏകദിന നേതൃത്വ പഠന ക്യാമ്പ് 'ഏകലവ്യ 2019" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങളുടെ കൂട്ടായ്മ ശ്രീനാരായണീയർ കണ്ട് മനസിലാക്കണം. അറിവും തിരിച്ചറിവും പ്രതികരണശേഷിയുമുള്ളവരായി സമുദായംഗങ്ങൾ മാറണം. ഉള്ളവർക്ക് തന്നെ കൂടുതൽ സൗകര്യങ്ങൾ വാരിക്കൊടുക്കുന്ന സ്ഥിതി മാറണം. സമുദായത്തിന് അർഹതയുള്ളത് വാങ്ങാനും വാങ്ങിക്കാനുമുള്ള സാമുദായിക ശക്തി സമാഹരിക്കാൻ യുവജനങ്ങൾക്കും വനിതകൾക്കും കഴിയണം.
ഉപതിരഞ്ഞെടുപ്പുകളിൽ സമുദായത്തിന്റെ വോട്ടിന് വിലയുണ്ടാകണം. ആദർശ രാഷ്ട്രീയത്തിന് പകരം ജാതി രാഷ്ട്രീയമാണ് ഇന്ന് കൊടികുത്തി വാഴുന്നത്. എല്ലാ രാഷ്ട്രീയകക്ഷികളും മൈക്ക് കെട്ടി മതേതരത്വം പറഞ്ഞ് സമുദായത്തെ കബളിപ്പിക്കുകയാണ്. മാറിമാറി ഭരിച്ച സർക്കാരുകളൊക്കെ ശ്രീനാരായണീയരോട് ചതിയാണ് ചെയ്തത്. ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് ചാടി പുറപ്പെടരുതെന്ന് പറഞ്ഞത്. പലരും പലതിനും സമുദായ അംഗങ്ങളെ ഉപയോഗിച്ച ശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തെ പിന്തുണയ്ക്കാതിരുന്നത്. സി. കേശവനെയും, ആർ. ശങ്കറെയും, കെ.ആർ ഗൗരിയമ്മയെയും, അച്യുതാന്ദനെയും, ഒടുവിൽ പിണറായി വിജയനെയും വരെ ജാതി പറഞ്ഞും തൊഴിൽ പറഞ്ഞും ആക്ഷേപിക്കാനും അതുവഴി നശിപ്പിക്കാനുമുള്ള ചിലരുടെ ശ്രമം ഇപ്പോഴും തുടരുകയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

സമ്മേളനത്തിൽ മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് ജില്ലാ കോ-ഓർഡിനേറ്റർ എം.പി സെൻ സംഘടനാ സന്ദേശം നൽകി. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കോ-ഓർഡിനേറ്റർ ലാലിറ്റ് എസ്. തകിടിയേൽ, മീനച്ചിൽ യൂണിയൻ കമ്മിറ്റിയംഗം ഷിബു കല്ലറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ഇരട്ടയാനി സ്വാഗതവും, കൺവീനർ അരുൺ കുളമ്പള്ളി നന്ദിയും പറഞ്ഞു. പി.ടി. മന്മഥൻ, സുരേഷ് പരമേശ്വരൻ എന്നിവർ ക്ലാസുകളെടുത്തു. ചർച്ചയും മറുപടിയും ക്യാമ്പ് അവലോകനവുമുണ്ടായിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ സി.ടി.രാജൻ നന്ദി പറഞ്ഞു. പരിപാടികൾക്ക് യൂണിയൻ യൂത്ത്മൂവ്‌മെന്റ് നേതാക്കളായ അനീഷ് ഇരട്ടയാനി, അരുൺ കുളമ്പള്ളി, കെ.ആർ. സൂരജ് പാലാ, സുധീഷ് ചെമ്പൻകുളം, സനൽ മണ്ണൂർ, അനീഷ് വലവൂർ, സുമോദ് വളയത്തിൽ തുടങ്ങിയർ നേതൃത്വം നൽകി.