road

തലയോലപ്പറമ്പ് : പാലാംകടവ് - മിഠായിക്കുന്നം റോഡിൽ താഴപ്പള്ളി ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമായി. റോഡ് തകർന്ന് മൂന്നുവർഷം പിന്നിട്ടിട്ടും പരിഹാരം ഇനിയുംമകലെ. 2016 ജൂൺ 8 നാണ് റോഡരികിലെ കൂറ്റൻ മരം ആറ്റിലേക്ക് കടപുഴകി വീണ് ആറ്റുതീരവും അനുബന്ധ റോഡും അപകടാവസ്ഥയിലായത്. റോഡ് തകർന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും താത്ക്കാലിക സംവിധാനം എന്ന നിലയിൽ ഇടിഞ്ഞഭാഗത്ത് തെങ്ങിൻകുറ്റികൾ ഉപയോഗിച്ച് ഏരിതാഴ്ത്തി മണൽ ചാക്കുകൾ അടുക്കി തിട്ട ഉയർത്തുക മാത്രമാണ് ചെയ്തത്. അതിന്ശേഷം എം എൽ എ ഇടപെട്ട് ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് ആറ്റുതീരം സംരക്ഷിക്കുന്നതിന് 90 ലക്ഷം രൂപ ഒരു വർഷം മുൻപ് അനുവദിച്ചെങ്കിലും നിർമ്മാണം നടന്നില്ല. കരിങ്കൽകെട്ടി ബീമുകൾ വാർത്ത് കൂടുതൽ സുരക്ഷിതമാക്കാൻ പദ്ധതി ഇട്ടെങ്കിലും അതും നടപടിയായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് വീണ്ടും തകരാൻ സാദ്ധ്യത ഏറെയാണെന്നും റോഡിന്റെ വീതി കുറവ് മൂലം അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. റോഡിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

റോഡ് ഉടൻ പുനർനിർമ്മിക്കണമെന്ന് ഐ എൻ ടി യു സി തലയോലപ്പറമ്പ് മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. രാജു തറപ്പേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി സി സി ജനറൽ സെക്രട്ടറി എം എൻ ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. വി.ടി.ജയിംസ്, പി.വി.സുരേന്ദ്രൻ, വിജയമ്മബാബു, പി.എ.ഷാജി, ധനു.ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.