കോട്ടയം : മലങ്കര സഭയിൽ മറുവിഭാഗം സമാധാനമുണ്ടാക്കാൻ തയ്യാറായാൽ അലങ്കരിക്കുന്ന സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓർത്തഡോക്‌സ് വിഭാഗക്കാരനായ കൊല്ലം പണിക്കരുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് നടത്തിയ 'കുരിശിന്റെ വഴി'യിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സഭയിൽ സ്ഥാനമുണ്ടാക്കാൻ വേണ്ടിയാണ് താൻ ഇത്തരം പ്രവൃത്തികളുമായി മുന്നോട്ടുപോകുന്നതെന്നാണു ചിലരുടെ ആരോപണം. സഭാതർക്കത്തിൽ ആരും ജയിച്ചിട്ടില്ല. സമാധാനത്തിനുള്ള ആയുധം യുദ്ധമല്ല. കുരിശുനാട്ടി നിലം കൈയടിക്കുന്നവരെ താൻ തള്ളിപ്പറഞ്ഞിട്ടുണ്ട്. ക്ഷമയുടെയും കരുതലിന്റെയും വഴിയാണ് കുരിശിന്റെ വഴി. അതിൽ അഭിമാനം കൊള്ളുന്നു. കർത്താവിനെ അറിഞ്ഞിട്ടില്ലാത്തവർ മഹാത്മാഗാന്ധിയെ അറിയണം. കോടതിവിധിയുടെയും നിയമയുദ്ധത്തിന്റെയും പേരിൽ അശാന്തി സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്. മേപ്രാൽപള്ളിയിൽ ഇരുവിഭാഗവും 30 വർഷമായി തുല്യാവകാശത്തോടെയാണ് ആരാധന നടത്തിയിരുന്നത്. ഇരുവിഭാഗങ്ങളുടെയും സംയുക്ത കമ്മിറ്റിയുണ്ടാക്കിയാണ് പുതുക്കിപണിയുന്നതടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. എന്നിട്ടും യാക്കോബായ വിശ്വാസികളെ പള്ളിയിൽ കയറ്റില്ലെന്നാണു മറുവിഭാഗം പറയുന്നത്. സഹനത്തിന്റെയും സത്യത്തിന്റെയും പാതയിൽ പോകാതെ അധിനിവേശം നടത്തുന്നത് ക്രൈസ്തവ പാരമ്പര്യമല്ല. കോടതിവിധിയെന്ന് മന്ത്രിച്ച് വേദപുസ്തകത്തെയും കുരിശിനെയും മറന്നു പള്ളിയും സ്വത്തും ആർജിക്കാനുള്ള ശ്രമമാണ് മറുവിഭാഗം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ലോഗോസ് ജംഗ്ഷനുസമീപം ബാരിക്കേഡ് തീർത്ത് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്നു വൈദികരും വിശ്വാസികളും വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുൻ എം.പി സ്‌കറിയ തോമസ് ഉദ്ഘാടനം ചെയ്തു. ക്‌നാനായ സുറിയാനി സഭ റാന്നി മേഖലാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ്, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം, കോട്ടയം ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബാബു വർഗീസ് പതിനാലിൽപ്പറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.