കടുത്തുരുത്തി : ഏറ്റുമാനൂർ -വൈക്കം റോഡിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ കടുത്തുരുത്തിയിൽ യാത്രക്കാരുടെ അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ചില്ലറയല്ല. അലക്ഷ്യമായ വാഹന പാർക്കിംഗ് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഞീഴൂർ, പാലാ , കോട്ടയം ഏറണാകുളം ഭാഗത്ത് നിന്നും ഉള്ള നിരവധി ബസുകളും മറ്റ വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡിന് താരതമ്യേന വീതി കുറവാണ്. റോഡിന്റെ ഇരുവശങ്ങളിലെ അലക്ഷ്യമായ പാർക്കിംഗ് മൂലം ഏറെ വലയുന്നത് കാൽനടയാത്രക്കാരാണ്. റോഡിന്റെ ചിലയിടങ്ങളിൽ കാൽനടയാത്രക്കാർക്കായി നടപ്പാത ഇല്ലാത്തതും ഏറെ വലയ്ക്കുന്നുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും വരച്ചിട്ടുള്ള വെള്ള വരയ്ക്ക് പുറത്തേക്കും കാൽനടയാത്രക്കാർക്കായുള്ള നടപ്പാതയിലേക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി കടുത്തുരുത്തിയിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.