ഏറ്റുമാനൂർ: കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് മത്സ്യലഭ്യത കുത്തനെ കുറഞ്ഞതോടെ മലയാളികൾക്ക് പ്രിയങ്കരമായ പല മീനുകളും കിട്ടാക്കനിയായി. മത്സ്യദൗർലഭ്യം രൂക്ഷമായതോടെ മീനുകളുടെയെല്ലാം വില കുതിച്ചുയരുന്നത് ഉപഭോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ചാളയും അയലയുമടക്കം പല മീനുകളുടെയും വില 'ഡബിൾ സെഞ്ചുറി'യിലെത്തിയിരിക്കുകയാണ്. ഇവ മാർക്കറ്റിൽ നിന്നും ചെറുകിട കച്ചവടക്കാർ വീടുകളിലെത്തിച്ച് വിൽപ്പന നടത്തുമ്പോൾ കിലോ വിലയിൽ അമ്പത് രൂപയോളം കൂടും. കടൽ മീനിനോടൊപ്പം കായൽ മീനുകളുടെയും ലഭ്യത കുറഞ്ഞിരിക്കുകയാണ്.
മീനിന്റെ വിലയിലുള്ള വർദ്ധനവ് മൂലം പല ഹോട്ടലുകളിലെ ഉച്ചയൂണിൽ നിന്നും മീൻ അപ്രത്യക്ഷമായിട്ടുണ്ട്.
ജില്ലയിലെ പല പ്രദേശങ്ങളിലേയ്ക്കും മീൻ കൊണ്ട് പോകുന്ന ഏറ്റുമാനൂർ മാർക്കറ്റിലെ പല സ്റ്റാളുകളും മത്സ്യദൗർലഭ്യം മൂലം അടച്ചിട്ടിരിക്കുകയാണ്. വള്ളിക്കാട്, പേരൂർ,നീണ്ടൂർ ഏറ്റുമാനൂർ മേഖലയിൽ നിന്നുമാത്രമായി പതിനഞ്ചോളം ചെറുകിട മത്സ്യക്കച്ചവടക്കാരാണ് ഈ സീസണിൽ മാത്രം ജോലി ഉപേക്ഷിച്ചെന്നും, വിലവർദ്ധനവ് മൂലം മീൻ വിറ്റ് പോകാത്തതാണ് ജോലി നിർത്താൻ കാരണമെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. ചൂടുകൂടിയതോടെ മീനുകൾ തീരപ്രദേശത്ത് നിന്നും പുറം കടലിലെയ്ക്ക് നീങ്ങിയതാണ് മത്സ്യലഭ്യതയിൽ ഇത്രയും കുറവ് നേരിടാൻ കാരണമായി മത്സ്യതൊഴിലാളികൾ പറയുന്നത്.
വളർത്തുമീനുകൾക്കും തീവില
കടൽ, കായൽ മീനുകളുടെ അഭാവം മാർക്കറ്റുകളിൽ വളർത്തുമീനുകളുടെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. എന്നാൽ വളർത്തു മത്സ്യങ്ങളുടെ വിലയും വർദ്ധിച്ചു. സ്വാദിൽ അല്പം കുറവുണ്ടെന്ന് കാട്ടി മാർക്കറ്റുകളിൽ രണ്ടാം തട്ടിലേയ്ക്ക് മാറിയ വളർത്തു മീനുകൾക്ക് ഇപ്പോൾ പിടിച്ചുപറിയാണ്. മത്സ്യ വില ഉയർന്നതോടെ മാംസാഹാരത്തിലേക്ക് ജനം തിരിഞ്ഞെങ്കിലും ഇവിടെയും വില പായുകയാണ്. കോഴിയിറച്ചിയുടെ വില കിലോക്ക് 90 രൂപയിൽനിന്ന് 130വരെയത്തെി. പോത്തിറച്ചിയ്ക്ക് 320 രൂപയാണ് കിലോ വില. ഇനി പച്ചക്കറിയിലേക്ക് തിരിയാമെന്ന് കരുതിയാൽ അതിനും പൊള്ളുന്ന വിലയാണ്!